ഹമാസിന്റെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുൻപിൽ പതറാതെ നിന്ന 65 കാരിയുടെ അതിജീവനത്തിന്റെ കഥ ഇസ്രായേലിൽ ചർച്ചയാവുകയാണ്. റേച്ചൽ എഡ്രി എന്ന വനിതയാണ് 20 മണിക്കൂറുകളോളം ഹമാസ് ഭീകരക്കു മുൻപിൽ പിടിച്ച് നിന്നത്. മരണത്തെ മുഖാമുഖം കണ്ടപ്പോഴും അവർ പതറിയില്ല. ഹമാസ് ഭീകരരെ തന്ത്രപൂർവ്വം പറ്റിക്കാൻ അവർക്ക് സാധിച്ചു. ഇസ്രായേൽ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ അഭിനന്ദങ്ങൾ നേരിട്ടേറ്റു വാങ്ങാൻ ഇവർക്ക് കഴിഞ്ഞു.
20 മണിക്കൂറുകൾ നീണ്ട ആ അതിജീവനകഥ വിവരിക്കുമ്പോൾ റേച്ചൽ എഡ്രിയുടെ കണ്ണുകളിൽ ഇപ്പോഴും ഭയം മിന്നിമറയുന്നത് കാണാം. ഈ മാസം ആദ്യമാണ് റേച്ചൽ എഡ്രിയെയും ഭർത്താവ് ഡേവിഡിനേയും ഹമാസ് ഭീകരർ സ്വന്തം വീട്ടിൽ ബന്ദികളാക്കിയത്. തോക്കുകളും ഗ്രാനെടുകളുമായി അവരുടെ സ്വീകരണ മുറിയിലേക്ക് കയറിവന്ന അഞ്ചോളം ഭീകരരെ കാപ്പി കൊടുത്തും മൊറോക്കൻ കുക്കികൾ നൽകിയും സംഗീതം കേൾപ്പിച്ചുമൊക്കെയാണ് റേച്ചൽ വരുതിയിലാക്കിയത്.
പൊലീസ് ഓഫീസറായ റേച്ചലിന്റെ മകൻ വീട്ടിലേക്ക് എത്തുമ്പോൾ കാണുന്ന കാഴ്ച, സായുധരായ ഭീകരർ തന്റെ മാതാപിതാക്കളെ ബന്ദികളാക്കി വെച്ചിരിക്കുന്നതാണ്. തന്റെ വീട്ടിൽ അഞ്ച് പേരുണ്ടെന്ന് റേച്ചൽ മകനോട് തന്റെ അഞ്ച് വിരലുകൾകൊണ്ട് ആംഗ്യം കാണിച്ചു. പിന്നീട് സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് (സ്വാറ്റ്) സംഘം ഇവരെ മോചിപ്പിക്കാനും ഭീകരരെ വധിക്കാനുമുള്ള പദ്ധതികൾ തയാറാക്കി. ഈ സമയം വീടിനുള്ളിൽ റേച്ചൽ പാചകം ചെയ്യുകയും അവരെ കോഫിയും കുക്കികളും കഴിപ്പിക്കുകയും ആയിരുന്നു. അവസാനം സുരക്ഷാ സേന വീട് തകർത്ത് ഭീകരരെ വധിക്കുന്നതുവരെ റേച്ചലും ഭർത്താവും അതിഥികളോടെന്നപോലെ പെരുമാറി അവരെ കബളിപ്പിച്ചുകൊണ്ടിരുന്നു.
റേച്ചലിന്റെ അതിജീവനത്തിന്റെ കഥ ഇസ്രായേലിൽ പ്രചരിച്ചു. ഇതിൽ ആശ്ചര്യം തോന്നിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ ഇസ്രായേൽ സന്ദർശന വേളയിൽ ഇവരെ കാണാനെത്തി. രാജ്യത്തെ സംരക്ഷിച്ചതിന് ജോ ബൈഡൻ അവർക്ക് നന്ദി പറഞ്ഞു. ഒപ്പം ആലിംഗനം ചെയ്യുകയും ചെയ്തു.
Post Your Comments