ടെല്‍ അവീവ്: ഗാസ മുനമ്പിലെ അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മറ്റാരെങ്കിലുമാകാം ഇതിന് പിന്നിലെന്ന് അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു. ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേൽ സന്ദർശനത്തിനെത്തിയത്.
‘ഇന്നലെ ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ അതീവ ദുഃഖിതനാണ്. താൻ മനസിലാക്കിയത് അനുസരിച്ച് ഇതിന് പിന്നിൽ ഇസ്രായേൽ അല്ല, മറ്റൊരു സംഘമാണ്. ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു. ജോ ബൈഡന്‍ ഇസ്രയേലിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
ഇതിനിടെ ഹമാസ് ഐഎസിനേക്കാള്‍ അപകടകാരികളാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഐ.എസിന്റെ പാത പിന്തുടരുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിച്ചു. ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ 500 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ഫോടനത്തിന് ഹമാസ് ഇസ്രായേലിനെ കുറ്റപ്പെടുത്തി. പലസ്തീൻ ഭീകര സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് സംഭവത്തിന് കാരണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
Post Your Comments