തിരുവനന്തപുരം : സ്വാതന്ത്ര്യദിനം ആഘോഷിച്ച സിപിഎമ്മിനെയും ബിജെപിയെയും വിമർശിച്ച് കെ.മുരളീധരൻ എം.പി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ബിജെപിക്കും സിപിഎമ്മിനും ബന്ധമില്ലെന്നും രാജ്യത്തെ സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും മുരളീധരൻ പറഞ്ഞു. കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോൺഗ്രസിന്റെ ചരിത്രത്തെ മായ്ക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുരളീധരന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
#വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം ഇന്ന് 75 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.ഒരുപാട് ധീര രക്തസാക്ഷികളുടെ ജീവൻ ബലിയർപ്പിച്ചതിന്റെ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.ഇന്ന് വളർന്നുവരുന്ന ഫാഷിസത്തിൽ നിന്നും വർഗീയതയിൽ നിന്നും നമുക്ക് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്.അതിന്റെ പ്രതിജ്ഞയാണ് ഇന്ന് ഓരോ ഭാരതീയനും ഏറ്റെടുക്കേണ്ടത്.ജനാധിപത്യവും മതേതരത്വവുമാണ് നമ്മുടെ മുഖമുദ്ര. അതിനെ തകർക്കാൻ ഒരു ശക്തിയേയും അനുവദിക്കരുത്.
Read Also : കാബൂള്‍ പിടിച്ചെടുത്തു, വരുന്നത് വിനാശം: ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് താലിബാന്‍ സ്ഥാപിക്കാന്‍ നീക്കം
#കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോൺഗ്രസിന്റെ ചരിത്രത്തിനെ മായ്ക്കാൻ ആവില്ല. അത് ഈ രാജ്യത്തിന്റെ ചരിത്രമാണ്.കേരളത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാർത്ഥ മുഖം ഇന്ന് പുറത്തു വന്നു.ബി.ജെ.പി ഓഫീസിൽ പതാക തലകീഴായി ആണ് ഉയർത്തിയത്.AKG സെന്ററിൽ ചെങ്കൊടിക്കു താഴെയാണ് ദേശീയപതാകയുടെ സ്ഥാനം.ഇവരാണ് രാജ്യസ്നേഹം പ്രസംഗിക്കുന്നത്.സ്വാതന്ത്ര്യം ലഭിച്ച് 74 വർഷം കഴിഞ്ഞിട്ടും ദേശീയ പതാക ഉയർത്താൻ പോലും രാജ്യം ഭരിക്കുന്നവർ പഠിച്ചില്ല.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും,രാജ്യത്തിന്റെ ചരിത്രവുമായും ബിജെപിക്കും സിപിഎമ്മിനും ഒരു ബന്ധവുമില്ല.രാജ്യത്തിന്റെ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും, സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ,
#രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞുവീണു രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരവ് അർപ്പിക്കുന്നു. എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യദിനാശംസകൾ.
Post Your Comments