ആലപ്പുഴ: വധു അണിഞ്ഞിരുന്ന ഒരു തരി സ്വര്‍ണം പോലും സ്വീകരിക്കാതെ മാതൃകയായി വരൻ. ആലപ്പുഴ നൂറനാട് സ്വദേശി നാദസ്വരം കലാകാരനാണ് സതീഷ് സത്യനാണ് സ്ത്രീധനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും വർത്തകൾക്കിടെ വേറിട്ട മാതൃകയായത്. സംഭവം വാര്‍ത്തയായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു. ജൂലൈ 15ന് നൂറനാട് പണയില്‍ ദേവീക്ഷേത്രത്തില്‍ വച്ചാണ് സതീഷ് സത്യനും ശ്രുതിരാജും വിവാഹിതരായത്. വിവാഹശേഷം വധുവിന്റെ വീട്ടുകാർ സമ്മാനമായി നല്‍കിയ 50 പവന്‍ സ്വര്‍ണം സതീഷ് എസ്‌എന്‍ഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തില്‍ വധുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
‘സ്ത്രീധനം വാങ്ങാതെയാകണം വിവാഹം എന്നത് എന്റെ തീരുമാനമായിരുന്നു. നേരത്തേ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരോട് താന്‍ ഇക്കാര്യം അറിയിച്ചിരുന്നു. ആഭരണങ്ങളൊന്നും അണിയാതെ വധുവിന് വന്നാല്‍ പോരായിരുന്നോ, വിവാഹവേദിയില്‍ വച്ച് തിരികെ നല്‍കിയത് ശ്രദ്ധ നേടാനല്ലേ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ വധു വന്നിരുന്നെങ്കില്‍ അതൊരു സാധാരണ സംഭവം മാത്രമാകും എന്നാണ് അവരോട് പറയാനുള്ളത്. വിവാഹ വേദിയില്‍ വച്ച് അത് തിരികെ നല്‍കുന്നതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കണമെന്നാണു കരുതിയത്. വാര്‍ത്തയാക്കാന്‍ വേണ്ടിയൊന്നും ചെയ്തതല്ല’. സതീഷ് പറഞ്ഞു. ഇപ്പോള്‍ ചെയ്തതിലൂടെ കുറച്ച് പേര്‍ക്കെങ്കിലും മാറ്റം വന്നാല്‍ നല്ലതെന്നു മാത്രമാണ് ചിന്തിച്ചതെന്നും സതീഷ് കൂട്ടിച്ചേർത്തു.
‘വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ, സ്ത്രീധനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നും അതിന്റെ പേരില്‍ വെറുതേ കടങ്ങളും ബാധ്യതയും വരുത്തേണ്ട എന്നും സതീഷ് പറഞ്ഞിരുന്നു. ഞങ്ങളുടെ മകള്‍ക്കും ആഭരണങ്ങളോട് വലിയ ഭ്രമമില്ല. എന്നാലും കരുതിവച്ചത് അവള്‍ക്ക് ഇട്ടുകൊടുക്കുകയായിരുന്നു. അതാണ് അവര്‍ തിരികെ നല്‍കിയത്. ഞങ്ങള്‍ക്കും ഒരു മകനുണ്ട്. ഞാന്‍ ഒരിക്കലും സ്ത്രീധനത്തെ അനുകൂലിക്കില്ല. ആഗ്രഹിച്ചതു പോലെ ഒരു മരുമകനെ ഞങ്ങള്‍ക്ക് കിട്ടി’. ശ്രുതിയുടെ അമ്മ ഷീല പറഞ്ഞു. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള വാര്‍ത്തകള്‍ കേട്ട് ഏറെ വേദനിക്കുന്ന അമ്മയാണ് താനെന്നും ഷീല വ്യക്തമാക്കി.
Post Your Comments