തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടകൾ എല്ലാ ദിവസവും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ ശ്രീഹരി. സഹികെട്ട, പൊറുതിമുട്ടിയാൽ ജനം നിയമം തന്നെ കയ്യിലെടുത്തെന്നിരിക്കും എന്ന് ഓർമിപ്പിക്കുകയാണ് ഹരീഷ്.
വ്യാപാരികളുടെ വികാരവും ഉദ്ദേശവും മനസിലാക്കുന്നുവെന്നും അതോടൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി എന്നാൽ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആ നിലയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇപ്പോൾ കോവിഡിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ മിക്കതും ശുദ്ധ അസംബന്ധമാണെന്നും അതിലെ തെറ്റു ജനം ചൂണ്ടിക്കാണിച്ചാൽ പുന:പരിശോധിക്കില്ല എന്ന സർക്കാർ നിലപാട് മിതമായ ഭാഷയിൽ അധികാര ദുര്വിനിയോഗമാണ് എന്നും ഹരീഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. കാര്യകാരണ സഹിതം വിശദീകരിക്കാതെ, യുക്തിയുക്തം ബോധ്യപ്പെടുത്താതെ, ഒരുകൂട്ടം ആളുകളുടെ ജീവിക്കുവാനുള്ള അവകാശത്തെ തടയാനാകില്ല എന്ന് വ്യക്തമാക്കുകയാണ് ഹരീഷ്.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ചിലത് തുറക്കും, ചിലത് തുറക്കില്ല, കുറഞ്ഞ സമയം തുറക്കും, ചില ദിവസം മാത്രം തുറക്കും എന്നൊക്കെയായി ഇപ്പോൾ കോവിഡിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ മിക്കതും ശുദ്ധ അസംബന്ധമാണ്, അതിലെ തെറ്റു ജനം ചൂണ്ടിക്കാണിച്ചാൽ പുന:പരിശോധിക്കില്ല എന്ന സർക്കാർ നിലപാട് മിതമായ ഭാഷയിൽ അധികാര ദുര്വിനിയോഗമാണ്. ‘ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും’ എന്ന ഭാഷ, ജനാധിപത്യത്തിൽ പറ്റില്ല. കാര്യകാരണ സഹിതം വിശദീകരിക്കാതെ, യുക്തിയുക്തം ബോധ്യപ്പെടുത്താതെ, ഒരുകൂട്ടം ആളുകളുടെ ജീവിക്കുവാനുള്ള അവകാശത്തെ തടയാനാകില്ല, എന്തിന്റെ പേരിൽ ആയാലും. സഹികെട്ട, പൊറുതിമുട്ടിയാൽ ജനം നിയമം തന്നെ കയ്യിലെടുത്തെന്നിരിക്കും. സിവിൽ നിയമലംഘനത്തിലൂടെ സ്വാതന്ത്ര്യം കിട്ടിയ ഒരു രാജ്യമാണിത്.
അപ്പോൾ പോലീസിനെ ഇറക്കി ജനത്തെ നേരിടും എന്നൊന്നും ഒരു ഭരണാധികാരിയും ചുമ്മാ കരുതരുത്. മസിൽപവറോ ഭീഷണിയുടെ ഭാഷയോ ഉപയോഗിച്ച് ഒരാൾക്കും ഇവിടെ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയില്ല. സർക്കാർ ഇറക്കുന്ന ഉത്തരവുകളുടെ സാംഗത്യം സർക്കാർ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണം. പകരം ജീവിത സംവിധാനങ്ങൾ ഒരുക്കണം. പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചും ധനസഹായം നൽകണം. ജീവിതം വഴിമുട്ടിയ, ആത്മഹത്യ മുന്നിലുള്ള മനുഷ്യരെ അധികാരം കാണിച്ചു പേടിപ്പിക്കാൻ നോക്കിയാൽ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് നിങ്ങളീ പറയുന്ന ഭീഷണി വെറും പുല്ലാണ്. അതോർമ്മ വേണം.
Post Your Comments