കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ അവളുടെ വീട്ടുകാരും തുല്യ പങ്കാളികളാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. വിസ്മയയുടെ വീട്ടുകാർ ഒരു തരത്തിലെ സഹതാപവും അർഹിക്കുന്നില്ലെന്നും ലക്ഷ്മി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയായിരുന്നു ലക്ഷ്മി രാജീവിന്റെ പ്രതികരണം. തന്റെ വളർച്ചയ്ക്ക് എതിര് നിന്ന അമ്മയെ കുറിച്ചാണ് ലക്ഷ്മിക്ക് പറയാനായുള്ളത്. സമൂഹത്തെ ഭയന്ന്, നാട്ടുകാരെ പേടിച്ച് ജീവിക്കേണ്ടി വന്ന തന്റെ അമ്മയെ കുറിച്ചുള്ള കുറിപ്പിലാണ് വിസ്മയയുടെ വീട്ടുകാരെ കുറിച്ചും ലക്ഷ്മി രാജീവ് വ്യക്തമാക്കിയത്.
ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിസ്മയയുടെ മരണത്തിൽ അവരുടെ വീട്ടുകാരും തുല്യ പങ്കാളികളാണ്. അവർ ഒരു തരത്തിലെ സഹതാപവും അർഹിക്കുന്നില്ല. ഇതെഴുതുമ്പോൾ കൈ വിറച്ചു. പത്തു വർഷത്തോളം എനിക്ക് കുട്ടികൾ ഇല്ലായിരുന്നു. ആ യാത്ര പോലെ വേദനിപ്പിച്ച മറ്റൊന്നില്ല.സമാനതകൾ ഇല്ലാത്ത ക്രൂരതകൾ അറിഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും എന്റെ അമ്മ എന്നെ വീട്ടിലേക്ക് സ്വാഗതം ചെയ്തിട്ടില്ല. ഒരിക്കൽ പോലും. എന്റെ എല്ലാ വളർച്ചക്കും അമ്മ എതിരാണ്. ഞാൻ എന്ത് ചെയ്താലുംഅതിലെ അപകടം ചൂണ്ടി കാണിച്ചു അതിൽ നിന്നും പിന്തിരിപ്പിക്കാൻ ‘അമ്മ ശ്രമിക്കാറുണ്ട്. പരിഹസിക്കുകയും പുഛിക്കുകയും ചെയ്തിട്ടുണ്ട്. അത്രയധികം സ്നേഹം അവർക്കെന്നോട് ഉണ്ടായിരുന്നു എന്നെ ബോദ്ധ്യപ്പെടുത്താൻ അവർ ശ്രമിക്കാറുണ്ട്. എനിക്ക് ജോലി ചെയ്യാതെ ജീവിക്കാൻ വേണ്ടതെല്ലാം തന്നിട്ടുണ്ട്. ഇന്നും ഒരു വാഴക്കുല പഴുത്താൽ അതെങ്ങനെ മക്കൾക്ക് എത്തിക്കാം എന്ന് അവർ വേവലാതി പ്പെടാറുണ്ട്. മക്കൾ പുറത്തു നിന്ന് വെളിച്ചെണ്ണയോ മഞ്ഞൾപ്പൊടിയോ വാങ്ങുമെന്ന് ആശങ്ക കൊണ്ട് അതെല്ലാം എത്തിക്കാറുണ്ട്.
കൊച്ചുമക്കൾ ക്ക് പണം ഫിക്സഡ് ഡെപ്പോസിറ്റ് ആയി നൽകാറുണ്ട്.അവർക്കു പനി വന്നാൽ പേടിച്ചു വിറക്കാറുണ്ട്. മുരുകാ മുരുകാ എന്ന് ജപിച്ചു അവരുടെ അടുത്ത് നിന്ന് മാറാതെ നിന്നിട്ടുണ്ട്. മറ്റെല്ലാം പഠിപ്പിച്ചു. ജീവിതം ഭർത്താവിനും മക്കൾക്കും അടിമപ്പണി ചെയ്യാനുള്ളതാണെന്ന വിശ്വാസം ‘അമ്മ കാത്തു സൂക്ഷിക്കുന്നു. അമ്മയെ മറികടക്കുകയായിരുന്നു അതിജീവനത്തിന്റെ ആദ്യ പടി. എനിക്കെന്തെങ്കിലും വന്നാൽ ‘അമ്മ ആ ഇരുപ്പിൽ മരിച്ചു പോകുമെന്ന് അറിയാം എങ്കിലും പെണ്മക്കളെ വലിയ ഉദ്യോഗസ്ഥരായ മരുമക്കളുടെ അടിമപ്പണിക്കാരായി കാണുന്ന ‘അമ്മ തന്നെ ആയിരുന്നു അവർ. പാവം. നാട്ടുകാരെ പേടിച്ചു ജീവിച്ച ഒരു പാവം.
Post Your Comments