KeralaLatest News

അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡിവൈഎഫ്ഐ നേതാവിന്റേത്, ഇങ്ങനെ ഒരു കാറുള്ള വിവരം ആർക്കും അറിയില്ല

നേരത്തെ അർജുന്‍ ആയങ്കിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചിരുന്നു.

കണ്ണൂര്‍: സ്വര്‍ണ്ണ കടത്തിൽ പ്രധാനിയായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സജേഷിന്റേത്. ഡി.വൈ.എഫ്.ഐ. ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരിക്കുന്നത്. കാര്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

നേരത്തെ അർജുന്‍ ആയങ്കിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ വിശദീകരിച്ചിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി മുഖ്യ കണ്ണിയെന്നാണ് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കരിപ്പൂരില്‍ പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

സജേഷിന് ഇത്തരത്തില്‍ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ കാണാതായതിന് തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സജീഷ് പരാതി നല്‍കിയിട്ടുണ്ട്. കാറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടത് സജേഷിന്റെ കാര്‍ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

സ്വര്‍ണം അര്‍ജുന് കൈമാറുന്നതിന് തനിക്ക് പ്രതിഫലമായി 40000 രൂപയും വിമാനടിക്കറ്റും ലഭിച്ചതെന്ന് ഷഫീഖ് മൊഴി നല്‍കി. എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയത്. എയര്‍പോര്‍ട്ടിന് പുറത്ത് കാത്ത് നില്‍ക്കുമെന്നായിരുന്നു അര്‍ജുന്‍ ആയങ്കി അറിയിച്ചത്. ധരിച്ചിരിക്കുന്ന ഷര്‍ട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ഷര്‍ട്ട് ഇടണമെന്ന് അര്‍ജുന്‍ ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വര്‍ണം ഷെഫീഖില്‍ നിന്നു വാങ്ങാനായിരുന്നു അര്‍ജുന്റെ പദ്ധതി.

എന്നാല്‍ ഇതിനു മുമ്പേ ഷഫീഖ് പിടിയിലാവുകയായിരുന്നു.നിലവില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവെന്റീവ് വിഭാഗം ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം. അഴീക്കോടുള്ള വീടിന്റെ മേല്‍വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഷഫീഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുളള അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button