തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ പൊട്ടിത്തെറിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. എല്‍ കെ ജി കുട്ടിയെന്ന ബി ജെ പി കൗണ്‍സിലര്‍മാരുടെ പരിഹാസത്തിനാണ് ആര്യ വികാരനിര്‍ഭരമായി സംസാരിച്ചത്. പ്രായം എത്രയായാലും ഉത്തരവാദിത്തം നിറവേറ്റാന്‍ അറിയാമെന്നായിരുന്നു ആര്യ യോഗത്തില്‍ പറഞ്ഞത്.
‘ആറ് മാസത്തിനിടെ ബി ജെ പി അംഗങ്ങള്‍ ഓരോരുത്തരും മേയറെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഒട്ടനവധി പരാമര്‍ശങ്ങള്‍ നടത്തി. അന്നൊന്നും നിങ്ങളുടെ അമ്മയേയും പെങ്ങളേയും നിങ്ങള്‍ക്ക് ഓര്‍മ്മ വന്നില്ലേ. ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അതിനുവേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. ‘
‘ഒരു സ്‌ത്രീയെ ആര് അപമാനിച്ചാലും അത് മോശം തന്നെയാണ്. അത് എല്‍ കെ ജി കുട്ടിയെന്ന് പറഞ്ഞാലും പേര് പരാമര്‍ശിച്ച് പറഞ്ഞാലും എന്നായിരുന്നു’ ആര്യ പറഞ്ഞത്. മേയറെ പിന്തുണച്ച് ഭരണപക്ഷവും എതിര്‍ത്ത് പ്രതിപക്ഷവും എഴുന്നേറ്റതോടെ കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. ബി ജെ പി അംഗം കരമന അജിത്ത് ഫേസ്ബുക്കില്‍ എല്‍ കെ ജി കുട്ടിയെന്ന് പരിഹസിച്ചതാണ് മേയറെ ചൊടിപ്പിച്ചത്. കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ മുതിര്‍ന്ന അംഗങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നു.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ലോറി വാടകയ്ക്കെടുത്തതിലും ഭക്ഷണം വാങ്ങിയതിലും അഴിമതിയെന്ന ആരോപണം ചര്‍ച്ച ചെയ്യാനായിരുന്നു കൗണ്‍സില്‍ ചേര്‍ന്നത്. ചര്‍ച്ചയ്ക്കിടയില്‍ പലരും മേയര്‍ക്ക് പരിചയമില്ലെന്ന് ഒളിയമ്പെറിഞ്ഞിരുന്നു. ഇതിനുപിന്നാലെ പൊങ്കാല ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമെന്ന ബി ജെ പി ആവശ്യം ഭരണകക്ഷി വോട്ടിനിട്ട് തള്ളി.
Post Your Comments