കാട്ടാക്കട: നെയ്യാർ ലയൺ സഫാരി പാർക്കിൽ ഇനി സിംഹങ്ങളില്ല. അവസാനത്തെ സിംഹമായ ബിന്ദുവും വിടവാങ്ങി. 21 വയസുള്ള ബിന്ദുവെന്ന പെൺസിംഹം കൊവിഡ് ബാധിച്ച് ബുധനാഴ്ചയാണ് ചത്തത്. ഇതോടെ, സിംഹങ്ങളില്ലാത്ത ലയൺ സഫാരിയായി പാർക്ക് മാറി. ബിന്ദുവിന്റെ പെട്ടന്നുള്ള വേർപാട് ജീവനക്കാരെ വിഷമിപ്പിച്ചു.
ചികിത്സയ്ക്കായി എത്തിയ 2 കടുവകൾ മാത്രമാണ് ഇപ്പോൾ ലയൺ സഫാരിയിൽ ഉള്ളത്. 2019ൽ ഗിർവനത്തിൽ നിന്നും രണ്ട് സിംഹങ്ങളെ ഇവിടെ എത്തിച്ചിരുന്നു. എന്നാൽ, ഇതിലൊരെണ്ണം തിരുവനന്തപുരത്തെ മൃഗശാലയിൽ എത്തിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചത്തു. അവശേഷിച്ച നാഗരാജനെന്ന സിംഹത്തെ ലയൺ സഫാരി പാർക്കിൽ എത്തിച്ചു. ആഴ്ചകൾക്ക് മുൻപ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നാഗരാജനും ചത്തു.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരുമെത്തി ബിന്ദുവിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. ഇതിനു ശേഷം പാർക്കിൽ തന്നെ സംസ്കരിച്ചു. 1984ൽ ലയൺ സഫാരി ആരംഭിച്ചപ്പോൾ 4 സിംഹങ്ങൾ പാർക്കിൽ ഉണ്ടായിരുന്നു. ഇതു 16 വരെ ഉയർന്നിട്ടുണ്ട്. ഈ സമയങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. സിംഹങ്ങളുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലും ഇടിവുണ്ടായി. ഇതോടെ, പാർക്ക് വന്യമൃഗങ്ങളുടെ ചികിത്സാകേന്ദ്രമായി മാറ്റുകയായിരുന്നു.
Post Your Comments