കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതെരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം. ജമാഅത്തെ ഇസ്ലാമിയുടെ ‘പ്രച്ഛന്നവേഷം’ കേരളത്തിലെ മുസ്ലിം ജനത തിരിച്ചറിഞ്ഞുവെന്നും അവർ അതിനെ തിരസ്കരിച്ചുവെന്നും അദ്ദേഹമെഴുതിയ ലേഖനത്തിൽ പറയുന്നു. ജമാഅത്തെ ഇസ്ലാമി രൂപം നല്കിയ ‘വെല്‍ഫെയര്‍ പാര്‍ട്ടി ‘ എത്രയും വേഗം പിരിച്ചുവിടുന്നതായിരിക്കും ഉചിതമെന്നാണ് എളമരത്തിന്റെ നിരീക്ഷണം.
ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രീയം എന്ന തലക്കെട്ടിലായിരുന്നു അദ്ദേഹം ദേശാഭിമാനിയിൽ ലേഖനമെഴുതിയത്. ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണാന്‍ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ച വികാരം സാമ്രാജ്യത്വ ഏജന്സിപ്പണിയാണെന്നും അദ്ദേഹം എഴുതി. ബാബരി മസ്ജിദ് പ്രശ്നമുൾപ്പെടെ ‘മൃദുഹിന്ദുത്വ’ നിലപാടും സ്വീകരിച്ച കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയ രാഷ്ട്രീയ ധാര്‍മികത അതാണ് വ്യക്തമാക്കുന്നതെന്നും എളമരം കരിം പറഞ്ഞു.
‘തദ്ദേശതെരഞ്ഞെടുപ്പില്‍ നാമമാത്രമായ മണ്ഡലങ്ങളില്‍ മാത്രം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ അഹോരാത്രം അധ്വാനിച്ചു. ഇതിന് മാധ്യമവും മീഡിയാവണും എല്ലാ പന്തുണയും നല്കി. ജമാഅത്തെ ഇസ്ലാമിക്ക് വഴിവെട്ടിയത് മേല്‍പ്പറഞ്ഞ മാധ്യമങ്ങളാണ്. പണ്ട് പി.കെ ബാലകൃഷ്ണന്, സി.രാധാകൃഷ്ണന് തുടങ്ങിയവര്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന ‘മാധ്യമം’ പത്രത്തിന്റെ മേല്സ്ഥാനങ്ങളിലേക്ക് ജമാഅത്തെ പ്രവര്‍ത്തകരും തീവ്രമതവാദികളും കടന്നുവന്നു. കഴിവ് മാത്രം മാനദണ്ഡമാക്കേണ്ട എഡിറ്റോറിയല്‍ പദവികള്‍ അങ്ങനെ അല്ലാതായി,’ അദ്ദേഹം ലേഖനത്തിലൂടെ പറഞ്ഞു.
Post Your Comments