ന്യൂഡല്‍ഹി : കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നേപ്പാളിലേക്ക്. അടുത്ത മാസം അദ്ദേഹം നേപ്പാള്‍ സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഉന്നതതല സന്ദര്‍ശനത്തിനായി നവംബര്‍ മൂന്നിന് നരവാനെ നേപ്പാളിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. സന്ദര്‍ശനവേളയില്‍ നേപ്പാള്‍ പ്രസിഡന്റ വിദ്യ ദേവി ഭന്ധാരി നേപ്പാള്‍ സൈന്യത്തിന്റെ ജനറല്‍ റാങ്ക് നല്‍കി നരവാനെയെ ആദരിക്കും.
അടുത്തിടെ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണ് ഇത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തില്‍ ഒലി സര്‍ക്കാരിന്റെ ഇടപെടലുകളെ തുടര്‍ന്ന് വിള്ളല്‍ വീണിരുന്നു. എന്നാല്‍ നേപ്പാള്‍ സൈന്യത്തിന്റെ ഇന്ത്യയോടുള്ള അനുഭാവത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല.
read also: യുഎന്നില്‍ കുതിച്ചു കയറി ഇന്ത്യയുടെ പിന്തുണ, കുത്തനെ കുറഞ്ഞ് ചൈന , കിട്ടിയ വോട്ട് ഞെട്ടിക്കുന്നത്
നേരത്തെ ഇന്ത്യക്കെതിരെ പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി ഒലി ആവശ്യപ്പെട്ടപ്പോള്‍ നേപ്പാള്‍ സേന മേധാവി നിരസിച്ചതും വാര്‍ത്തയായിരുന്നു. നേപ്പാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള ചൈനയുടെ ശ്രമം തുടരുന്നതിനിടയിലാണ് ഇന്ത്യയുടെ കരസേന മേധാവിക്ക് നേപ്പാള്‍ സൈന്യത്തിന്റെ ജനറല്‍ സ്ഥാനം ആദര സൂചകമായി നല്‍കുന്നത്. സന്ദര്‍ശനത്തിനായി ഫെബ്രുവരി മൂന്നിന് തന്നെ നേപ്പാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കൊറോണയെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ മൂലം സന്ദര്‍ശനം നീളുകയായിരുന്നു. അടുത്തിടെയായി ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നരവാനെ അടുത്തമാസം നേപ്പാളിലേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments