മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ക്ക് രചന നിര്‍വഹിച്ച ജോണ്‍ പോള്‍ എന്ന തിരക്കഥാകൃത്ത് മലയാളത്തിന് എന്നും അഭിമാനിക്കാവുന്ന ഒരു സിനിമ നിര്‍മ്മിക്കുക കൂടി ചെയ്തിട്ടുണ്ട്. എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്തു ഒടുവില്‍ ഉണ്ണികൃഷ്ണന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരു ചെറു പുഞ്ചിരി’ എന്ന സിനിമ നിര്‍മ്മിച്ചത് ജോണ്‍പോള്‍ ആയിരുന്നു. താന്‍ നിര്‍മ്മിച്ച സിനിമയ്ക്ക് തിയേറ്റര്‍ വിലക്ക് വന്നപ്പോള്‍ തനിക്കൊപ്പം തന്റെ വിഷമകത മനസിലാക്കി കൂടെ നിന്ന നടനായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണനെന്നു ജോണ്‍ പോള്‍ പങ്കുവയ്ക്കുന്നു. സിനിമയുടെ റിലീസ് പ്രതിസന്ധിയെ തുടര്‍ന്ന് താന്‍ പ്രതിഫലമായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന് പറഞ്ഞു തന്റെ ബാങ്ക് അക്കൗണ്ട് ചോദിച്ച ഒടുവില്‍ എന്ന മഹാനടനെ ഇന്നും താന്‍ ബഹുമാനപൂര്‍വ്വം ഓര്‍ക്കുന്നുവെന്ന് ജോണ്‍ പോള്‍ പറയുന്നു.
‘ഞാന്‍ നിര്‍മ്മിച്ച ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയ്ക്ക് റിലീസ് പ്രതിസന്ധി നേരിട്ടപ്പോള്‍ എനിക്കൊപ്പം കരുത്തായി നിന്ന വ്യക്തിയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്. എന്നില്‍ നിന്ന് പ്രതിഫലമായി വാങ്ങിയ തുക മടക്കി തരാമെന്ന് പറഞ്ഞ അദ്ദേഹം എന്റെ ബാങ്ക് അക്കൗണ്ട് വരെ ചോദിച്ചു. പക്ഷേ എനിക്കത് സ്വീകരിക്കാന്‍ തോന്നിയില്ല. അത് കൊണ്ട് തന്നെ ഞാനൊരു കള്ളം പറഞ്ഞു. എനിക്ക് കട ബാധ്യതയുള്ളതിനാല്‍ അങ്ങനെ പണം അയച്ചാല്‍ അതൊക്കെ എന്റെ കട ബാധ്യതയിലേക്ക് ബാങ്ക് എഴുതി തള്ളും എന്ന് കള്ളം പറഞ്ഞതോടെ ഒടുവില്‍ കൃഷ്ണന് എന്ന നിഷ്കളങ്കനായ വ്യക്തി പറഞ്ഞത് ‘എങ്കില്‍ അത് വേണ്ട നമുക്ക് നേരില്‍ കാണാം’ എന്നാണ്. പക്ഷേ പിന്നീട് അദ്ദേഹത്തെ കാണുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറി നടക്കുമായിരുന്നു’. ജോണ്‍ പോള്‍ പറയുന്നു. (ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ നിന്ന്)
Post Your Comments