കൊച്ചി: ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ യുവനടൻ മരിച്ചു . കൊച്ചി കണ്ടുന്നൂര് സ്വദേശിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കല്‍ ആണ് മരിച്ചത്. 44 വയസായിരുന്നു. കൊച്ചിന് കൊളാഷ് എന്ന യൂട്യൂബ് ചാനലിന്റെ ഷോട്ട്ഫിലിം ചിത്രകരണത്തിലായിരുന്നു പ്രബീഷ്. ഇതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയില്‍ എത്തിക്കാനായി സഹായം അഭ്യര്‍ത്ഥിച്ചിട്ടും വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
ബണ്ട് റോഡില്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ടെലിഫിലിം ചിത്രീകരണമായിരുന്നു ഇന്നലെ. മാലിന്യം കിടക്കുന്നതു കണ്ട് പ്രതികരിക്കുന്ന സായിപ്പിന്റെ വേഷമായിരുന്നു പ്രബിഷീന്. തന്റെ സീന്‍ ഭംഗിയാക്കിയതോടെ ഫേസ്ബുക്കിലിടാന്‍ എല്ലാവരും ചേര്‍ന്നൊരു ഫോട്ടോ എടുക്കാന്‍ മുന്‍കൈ എടുത്ത് അല്പ സമയത്തിനു ശേഷമാണ് കുഴഞ്ഞു വീണത്. രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ യാചിച്ചിട്ടും റോഡിലൂടെ പോയ വാഹനങ്ങള്‍ നിര്‍ത്തിയില്ല.
പ്രബീഷിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കാറിന്റെ താക്കോല്‍ മേക്കപ്പ് അണിഞ്ഞിരുന്നതിനാല്‍ പ്രയാസപ്പെട്ട് എടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും വൈകിയിരുന്നു. പ്രബീഷ് ചക്കാലക്കല്‍ ഒട്ടേറെ ടെലിഫിലിമുകളില്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിനൊപ്പം കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ പ്രബീഷിന് സാധിച്ചു.
പൊതുരംഗത്ത് സജീവമായിരുന്ന പ്രബീഷ് ചക്കാലക്കലിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടലിലാണ് മരട്. ജെ.എസ്.ഡബ്ല്യു സിമന്റ്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ്. സിഎസ്എസ് സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു. കൊച്ചിന് കൊളാഷ് ചാനലിന്റെ കൊറോണക്കാലത്തെ ഓണം എന്ന പരിപാടിയില്‍ മാവേലിയായി വേഷമിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു.പിതാവ്: ചക്കാലക്കല്‍ സി പി ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാന്‍സി. മകള്‍: ടാനിയ. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയില്‍. –
Post Your Comments