ഓണം അടുത്തെത്തി കഴിഞ്ഞു. ഈ ഓണകാലം കോവിഡ് കാലത്തായതു കൊണ്ടു തന്നെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറവായിരിക്കും. അതിലുപരി ഇപ്പോളത്തെ സാഹചര്യത്തില്‍ വളരെ കരുതലോടെ വേണം ഇത്തവണത്തെ ഓണം ആഘോഷിക്കാന്‍. ഓണസദ്യ ഇല്ലാതെ എന്ത് ഓണം. ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം എത്തുക പൂക്കളവും ഓണസദ്യയും ആയിരിക്കും. ഇലയില്‍ നിറയെ കറികളും പായസവും എല്ലാമായി എത്തുന്ന സദ്യയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടാത്തവര്‍ കുറവായിരിക്കും.
26 അധികം വിഭവങ്ങള്‍ വാഴയിലയില്‍ വിളമ്പുന്നു. ഇന്നത്തെ തലമുറ കറികള്‍ വീട്ടില്‍ ഉണ്ടാക്കുന്നതിനു പകരം എല്ലാം പുറത്തു നിന്ന് വാങ്ങുകയാണ്. ഓണം എന്നു പറയുമ്പോള്‍ എല്ലാവരും ഒരുമിച്ചുകൂടി ഉണ്ടാക്കുന്നതിനുള്ള രസം ഒന്നു വേറെ തന്നെയാണ്. തലമുറകള്‍ മാറി വരുന്തോറും പുതിയ പുതിയ രീതികള്‍ ആണ് വരുന്നത്. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ഓണസദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് അവ.
സദ്യ ഉണ്ടാക്കുന്നതിന് മാത്രമല്ല വിളമ്പുന്നതിനും കഴിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങള്‍. സദ്യ വിളമ്പിക്കഴിഞ്ഞാല്‍ ആദ്യം പരിപ്പ് കൂട്ടി ചോറ് കഴിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ആ സമയത്ത് അരികില്‍ ഇരിക്കുന്ന ഏത് കറി വേണം കഴിക്കേണ്ടത് എന്ന് ആലോചിച്ചിട്ടുണ്ടോ ? കൂട്ടുകറിയും അവിയലും തോരനും ഒക്കെ വേണം പരിപ്പ് ഒഴിച്ച് ചോറ് കഴിക്കുമ്പോള്‍ ഒപ്പം കഴിക്കേണ്ടത്.
പരിപ്പ് ഒഴിച്ച് ചോറ് കഴിച്ചു കഴിഞ്ഞാല്‍ പിന്നെ സാമ്പാര്‍ ഒഴിച്ച് ചോറ് കഴിക്കണം. ആ സമയത്ത് സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേര്‍ത്ത കിച്ചടികളും. അതു കഴിഞ്ഞാല്‍ പായസം വരികയായി. പായസത്തിനൊപ്പം കഴിക്കാനാണ് നാരങ്ങ അച്ചാര്‍ അരികില്‍ വയ്ക്കുന്നത്. പായസത്തിന്റെ മധുരം മാറി കിട്ടുന്നതിനു വേണ്ടിയാണ് അത്.
പായസം കുടിച്ചു കഴിഞ്ഞാല്‍ അടുത്തത് പുളിശ്ശേരിയാണ്. മാങ്ങാ അച്ചാര്‍ കഴിക്കേണ്ടത് പുളിശ്ശേരിക്കൊപ്പമാണ്. ദഹനത്തിനായി ഓലനും കഴിക്കാം. അടുത്തതായി രസമാണ്, രസത്തിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം. സദ്യ ദഹിക്കുന്നതിനുള്ളതാണ് ഇത്. ഏറ്റവും അവസാനമായി കഴിക്കേണ്ടത് പച്ചമോരും പാവയ്ക്കാച്ചാറും. വായുക്ഷോഭം ശമിപ്പിക്കുന്ന ഭക്ഷണമാണ് ഇത്.
ഓണസദ്യ വിഭവങ്ങള്‍ ഇവയെല്ലാം,
ഉപ്പേരി
ശര്‍ക്കര വരട്ടി
മാങ്ങാ അച്ചാര്‍
നാരങ്ങ അച്ചാര്‍
എലിശ്ശേരി
പുളിശ്ശേരി
കാളന്
ഓലന്‍
പച്ചടി
ചേന മെഴുക്കുപുരട്ടി
ഇഞ്ചി കറി
പരിപ്പ് കറി
ചോറ്
സാമ്പാര്‍
അവിയല്‍
മോര് കാച്ചിയത്
പപ്പടം
കിച്ചടി
രസം
സംഭാരം
കൂട്ടുകറി
നെയ്യ്
ഇഞ്ചി തൈര്
തോരന്‍
പൂവന് പഴം
പാലട പ്രഥമന്‍
പഴം പ്രഥമന്‍
ഉള്ളി തീയല്‍
ബീറ്റ്റൂട്ട് തോരന്‍
പാല്‍പ്പായസം
പരിപ്പ് പായസം
ഗോതമ്പു പായസം
അവല് പ്രഥമന്‍
Post Your Comments