ഡെറാഡൂണ്‍: ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷ കര്‍ശ്ശനമാക്കി ഇന്ത്യ. പിത്തോട്ഗഡിലെ ധ്രാചൂല മേഖല മുതല്‍ തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനി വരെയുള്ള അതിര്‍ത്തികളിലെ സുരക്ഷയാണ് കര്‍ശ്ശനമാക്കിയിരിക്കുന്നത്. നിലവിലെ അതിര്‍ത്തി രക്ഷാ സേനകള്‍ക്ക് പുറമേ സശസ്ത്ര സീമാബലിനേയും ഇവിടേയ്ക്ക് നിയോഗിച്ചു കഴിഞ്ഞു.
കാലാപാനി, ലിംപിയാഥുര അടക്കമുള്ള ഉത്തരാഖണ്ഡിലെ പ്രദേശങ്ങളിലെ അതിര്‍ത്തി ഇനി ശക്തമായ സൈനിക മേല്‍നോട്ടത്തിലായിരിക്കും.സൈന്യത്തിന്റെ സേവനം വളരെ കുറവുള്ള ചില പ്രദേശങ്ങളില്‍ അര്‍ധ സൈനിക വിഭാഗങ്ങളെ നിയോഗിച്ച് സുരക്ഷ കര്‍ശ്ശനമാക്കും. ചൈനയ്ക്ക് പിന്നാലെ ഇന്ത്യന്‍ ഭൂപ്രദേശം നേപ്പാളിന്റെ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ നേപ്പാളിലേയും സുരക്ഷ കര്‍ശ്ശമാക്കുന്നത്.
നിലവിലെ സാധാരണ പെട്രോളിങ് സംവിധാനത്തിന് പകരമായി പാക് അതിര്‍ത്തിയുടെ രീതിയിലുള്ള പെട്രോളിങ് സംവിധാനം നടപ്പാക്കുകയാണെന്നും എസ്‌എസ്ബി ചുമതലയുള്ള സന്തോഷ് നേഗി അറിയിച്ചു.വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറായി നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പലതവണ വ്യക്തമാക്കിയിരുന്നു. ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഇന്ത്യ- പാക് അതിര്‍ത്തിയിലേതിന് സമാനമായി തന്നെ ഇവിടെ പെട്രോളിങ് ഏര്‍പ്പെടുത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ അധികം ജനവാസമില്ലാത്ത മേഖലയടക്കം ഇനി സീമാ സശസ്ത്ര ബലിന്റെ സൈനികരുടെ നിതാന്ത ശ്രദ്ധയിലായിരിക്കുമെന്നും സന്തോഷ് നേഗി കൂട്ടിച്ചേര്‍ത്തു.
Post Your Comments