വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് പോളിമർ കമ്പനിയിൽ വിഷ വാതകം ചോർന്നു. എട്ട് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നിരവധി പേർ ബോധരഹിതരായി. ഇരുപതോളം ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
ആർആർ വെങ്കടപുരം ഗ്രാമത്തിന് സമീപത്തുള്ള എല്‍ജി പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലാണു വാതക ചോർച്ചയുണ്ടായത്. ശ്വസിക്കാൻ ബുദ്ധിമുട്ടിയ ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
15 ഓളം പേർ ആശുപത്രിയിലുണ്ടെന്നാണു വിവരം. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്. പ്ലാന്റിലെ ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. കെമിക്കൽ പ്ലാന്റിലേക്ക് ആംബുലൻസുകളും അഗ്നിരക്ഷാ സേനയും പൊലീസും എത്തിയിട്ടുണ്ട്. പോളിസ്റ്റെറിൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്.
Post Your Comments