Latest NewsNewsLife StyleHealth & Fitness

ഗ്യാസിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങള്‍….

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇവയില്‍ ഏറ്റവുമധികം പേര്‍ ചൂണ്ടിക്കാട്ടുന്നൊരു പ്രശ്നമാണ് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസങ്ങള്‍.

ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, മലബന്ധം പോലുള്ള പ്രശ്നങ്ങളാണ് ഇതില്‍ തന്നെ കൂടുതലായി കണ്ടുവരുന്നത്. വലിയൊരു പരിധി വരെ നാം പതിവായി കഴിക്കുന്ന ഭക്ഷണങ്ങള്‍, വ്യായാമം, ഉറക്കം, സ്ട്രെസ് തുടങ്ങി പല ഘടകങ്ങളും ഇവയെ സ്വാധീനിക്കാം.

കൂട്ടത്തില്‍ ഭക്ഷണം തന്നെയാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണം കഴിച്ചാല്‍ ചിലര്‍ക്ക് അതിയായി ഗ്യാസ് പിടിപെടാറുണ്ട്. ഇതിന് പിന്നാലെ വയര്‍ വീര്‍ത്തുവരികയും സ്കംഭനാവസ്ഥയും തോന്നാം. ഇത്തരത്തില്‍ ഗ്യാസിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒരുപാട് പോഷകങ്ങളടങ്ങിയ ഭക്ഷണമാണ് പയറുവര്‍ഗങ്ങള്‍. എന്നാലിവ ഗ്യാസിലേക്കും ചിലരെ നയിക്കാം. ബീൻസ്, പരിപ്പ്, വെള്ളക്കടല, ഗ്രീൻ പീസ് എന്നിവയാണീ കൂട്ടത്തില്‍ ഏറ്റവുമധികം ഗ്യാസ് സൃഷ്ടിക്കുക.

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അത്രമാത്രം ആരോഗ്യഗുണങ്ങളാണ് ആപ്പിളിനുള്ളതെന്നാണ് ഈ വാദം സൂചിപ്പിക്കുന്നത്. എന്നാല്‍ ആപ്പിളും ചിലരില്‍ ഗ്യാസ് പ്രശ്നം സൃഷ്ടിക്കാം. ആപ്പിളിലുള്ള ‘സോര്‍ബിറ്റോള്‍’, ‘ഫ്രക്ടോസ്’ എന്നിവ ദഹിക്കാൻ സമയമെടുക്കുന്നതോടെയാണ് ചിലരില്‍ ഇത് ഗ്യാസിന് കാരണമായി മാറുന്നത്.

അടുത്തതായി ഈ പട്ടികയില്‍ വരുന്നത് ഉള്ളിയാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന ‘ഫ്രക്ടൻസ്’ എന്ന ഫൈബറാണ് ഗ്യാസിന് കാരണമായി വരുന്നത്. ഉള്ളി പച്ചയ്ക്ക് (സലാഡായി ) കഴിക്കുമ്പോഴാണ് ഈ പ്രശ്നം ഏറെയും വരിക. പാകം ചെയ്ത ഉള്ളി അത്ര പ്രശ്നമല്ല.

പാലും പാലുത്പന്നങ്ങളും ചിലരില്‍ കാര്യമായി ഗ്യാസ് ഉണ്ടാക്കാറുണ്ട്. ചീസ്, കട്ടിത്തൈര്, വെണ്ണ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടും.

നാം പുറത്തുനിന്ന് വാങ്ങിക്കുന്ന സോഫ്റ്റ് ഡ്രിംഗ്സ്, കാര്‍ബണേറ്റഡ് ആയവയാണെങ്കിലും ഇതും ഗ്യാസുണ്ടാക്കും. ഈ പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കാര്‍ബൺ ഡയോക്സൈഡാണ് ഇതിന് കാരണമായി വരുന്നത്.

മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളെല്ലാം എല്ലാവരിലും ഗ്യാസ് സൃഷ്ടിക്കാൻ കെല്‍പുള്ളതല്ല. ചിലരില്‍ ചില സമയങ്ങളിലെല്ലാമാണ് ഇത് പ്രയാസങ്ങളുണ്ടാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button