കോട്ടയം: നാടിനെ ഞെട്ടിച്ചുകൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ദുരൂഹമരണം. കോട്ടയം നെടുംകുന്നത്തെ സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തിൽ മരണം നടന്നത് മരുന്നുകളുടെ രാസപരിശോധനാ ഫലം പുറത്തു വരാനിരിക്കെയാണ്.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പുതുപ്പള്ളി സ്വദേശി മാത്യു സ്‌കറിയയാണ് മരിച്ചത്. അന്തേവാസികൾ ഉപയോഗിച്ച മരുന്നുകളാണ് അസ്വാഭാവിക മരണത്തിന് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. സൈക്കോസിസ് രോഗികൾ ഉപയോഗിക്കുന്ന അമിസൾപ്രൈഡ് മരുന്നുകൾ കഴിച്ചവരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ട് കേന്ദ്രങ്ങളിലായി എട്ടു പേരാണ് മരിച്ചത്.
മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ തുടർച്ചയായി മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പുതുപ്പള്ളി സ്വദേശി മാത്യു സ്‌കറിയ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇതോടെ അഞ്ചു ദിവസത്തിനുള്ളിൽ സഞ്ജീവനി മാനസികാരോഗ്യ കേന്ദ്രത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. മുമ്പ് മരിച്ച രോഗികളുടെ സമാന ലക്ഷണങ്ങൾ മാത്യുവിന് ഉണ്ടായിരുന്നു. മരണകാരണം ന്യൂമോണിയ ആണെന്ന് കണ്ടെത്തിയെങ്കിലും ഇതിലേയ്ക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല.
ALSO READ: കൊവിഡ് 19: വൈറസിനെ പ്രതിരോധിക്കാൻ പാരസെറ്റമോള്‍ ചികിത്സ മതിയെന്ന് മുഖ്യമന്ത്രി
മുമ്പ് വിവാദത്തിലായ പുതു ജീവനിലും, ഒരാഴ്ചയ്ക്കിടെ മൂന്നു പേർ മരിച്ച കുറിച്ചി ജീവൻ ജ്യോതി മാനസിക ആരോഗ്യ കേന്ദ്രത്തിലും, ഇതേ മരുന്നുകൾ രോഗികൾക്ക് നൽകിയിരുന്നു. ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിൽ എത്തി മരുന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവങ്ങളിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വീണ്ടും അന്തേവാസി മരിച്ചത്.
Post Your Comments