അഞ്ജു പാർവ്വതി പ്രഭീഷ്
മധ്യപ്രദേശ് രാഷ്ട്രീയത്തിലെ ജ്യോതിരാദിത്യസിന്ധ്യയുടെ ബി ജെ പിയിലേയ്ക്കുള്ള കൂടുമാറ്റം വരാനിരിക്കുന്ന ഒരുപാട് സംഭവവികാസങ്ങളുടെ വെറുമൊരു തുടക്കം മാത്രമാണോ ? 1947 ആഗസ്റ്റിന് ശേഷം ഏതാണ്ട് 14 വര്‍ഷമൊഴിച്ചു മറ്റെല്ലാക്കാലത്തും രാജ്യം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ അന്ത്യയാത്രയിലാണോ?
കോൺഗ്രസ്സിനുള്ളിലെ ഊർജ്ജസ്വലരായ യുവനേതാക്കന്മാർ ഒന്നൊഴിയാതെ കോൺഗ്രസ്സ് വിട്ടു പോകാനുള്ള സാധ്യതകളാണ് നിലവിൽ നമുക്ക് കാണുവാൻ കഴിയുന്നത് . ജ്യോതിരാദിത്യയുടെ കൊഴിഞ്ഞുപോക്ക് വെറുമൊരു തിടുക്കത്തിലുള്ള തീരുമാനമായിരുന്നില്ലെന്നും അവഗണനയുടെ അവസാനം കൈക്കൊണ്ട ഉചിതമായ തീരുമാനമാണെന്നും പറഞ്ഞുക്കൊണ്ട് കോൺഗ്രസ്സ് അംഗവും നടിയുമായ നഗ്മ രംഗത്തെത്തി കഴിഞ്ഞു .ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകർ കാത്തിരുന്ന സച്ചിൻ പൈലറ്റിന്റെ പ്രതികരണവും എത്തിക്കഴിഞ്ഞു .ഇത്രയും വലിയൊരു പ്രതിസന്ധിയിൽ ഉറ്റ സുഹൃത്ത് പാർട്ടി വിട്ടതുക്കൊണ്ട് വലിയ ഞെട്ടൽ ഒന്നും ആ പ്രതികരണത്തിൽ കാണുവാൻ കഴിയുന്നില്ല . തികച്ചും തണുത്തൊരു പ്രതികരണം മാത്രമാണ് അത് .അതായത് രാജസ്ഥാനിലും ഇത്തരമൊന്നു എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്നർത്ഥം . സച്ചിനെ പോലെ തന്നെയാണ് മിലിന്ദ് ദിയോറയും ദീപേന്ദറും ജിതിനും സന്ദീപും ഒക്കെ .
സിന്ധ്യ കളം മാറ്റി തുടങ്ങിയത് അറിയാൻ വൈകിയത് പാർട്ടിയിലെ കടൽ ക്കിഴവന്മാര് മാത്രമായിരുന്നു കഴിഞ്ഞ ഒരു വർഷത്തോളമായി സിന്ധ്യ സൂചനകൾ നല്കിക്കൊണ്ടിരുന്നു . അന്ന് ഉറച്ച തീരുമാനം എടുക്കാൻ പാർട്ടി വൈകിയത് കൊണ്ട് നഷ്ടം കോൺഗ്രസ്സിന് മാത്രമാണ് . ജ്യോതിരാദിത്യ സിന്ധ്യയെ പോലെ മിടുക്കനായ ഒരു യുവ നേതാവിനെ നഷ്ടപ്പെടുത്തിയത് കോൺഗ്രസ്സ് പാർട്ടിയുടെ മണ്ടത്തരം മാത്രമാണ് ‘മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി’ എന്ന മനോഭാവവുമായി ഗ്രൂപ്പുപോരില്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് . കമൽനാഥിന്റെയും ദിഗ് വിജയ് സിംഗിന്റെയും പിടിപ്പുക്കേട് കൊണ്ട് നഷ്ടം ഉണ്ടായത് കോൺഗ്രസ്സിനാണ്
കോൺഗ്രസ്സ് പാര്‍ട്ടി ഇന്ന് എന്നത്തേക്കാളും ദുര്‍ബലമായ അവസ്ഥയിലാണ് എന്നു അതിന്റെ കടുത്ത അനുയായികള്‍ പോലും സമ്മതിക്കും-ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി മാത്രമല്ല രാജ്യത്തെ ആറ് ലക്ഷത്തിലേറെ ഗ്രാമങ്ങളില്‍ ഓരോന്നിന്റെയും മുക്കിലും മൂലയിലും തങ്ങള്‍ക്ക് സാന്നിദ്ധ്യമുണ്ടെന്നു അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് പല അവസരങ്ങളിലും തളരുകയും ഉയരുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഓരോ തവണ തിരിച്ചുവന്നപ്പോഴും പഴയ ഔന്നത്യം വീണ്ടെടുക്കാന്‍ അതിന് കഴിഞ്ഞിരുന്നില്ല .
2014 പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടുവിഹിതം ആദ്യമായി 20 ശതമാനത്തിനു താഴെയായി . മോദി എന്ന അതിതന്ത്രശാലിയും കാര്യപ്രാപ്തിയും ഉള്ള ജനനായകൻ ഇന്ത്യയുടെ ഭരണസാരഥിയായതോടെ കോൺഗ്രസ്സ് അപചയം പൂർണ്ണമായി തുടങ്ങി .2019 ലെ 17-മത് പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചെറുതായിട്ടൊന്നു പച്ച പിടിച്ചെങ്കിലും അതിനു കാരണം സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ ആയിരുന്നില്ല . മറിച്ച് കോൺഗ്രസ്സിലെ ഊർജ്ജമുള്ള യുവ നേതാക്കന്മാരുടെ കഠിനശ്രമം കാരണമായിരുന്നു .
സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കക്ഷി പുതുജീവനായി എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ്. ബി ജെ പി സര്‍ക്കാര്‍ സ്വയം നശിക്കും എന്ന ഒരിക്കലും നടക്കാത്ത അന്ധമായ പ്രതീക്ഷയിലാണവര്‍. മധ്യപ്രദേശിൽ മാത്രമല്ല ഗുജറാത്തിലും രാജസ്ഥാനിലും വിമത ശബ്ദങ്ങൾ ഉയർന്നുക്കഴിഞ്ഞു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി ജീവശ്വാസത്തിനായി കൈകാലിട്ടടിക്കുകയാണ് . കൈകളിൽ നിന്നും താമര വിരിയിക്കാൻ പോകുന്നത് അടുത്തത് ആര് എന്ന് മാത്രം അറിഞ്ഞാൽ മതി .
Post Your Comments