ന്യൂഡല്‍ഹി: താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുക മാത്രമാണു ചെയ്തതെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. തന്റെ പ്രസംഗമാണ് ഡല്‍ഹി സംഘർഷത്തിനു കാരണമായതെന്ന് പലരും വിമർശിച്ച സാഹചര്യത്തിലാണ് പ്രതികരണവുമായി കപില്‍ മിശ്ര രംഗത്തു വന്നത്.
രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര് തന്നെ കുറ്റംപറയുന്നു. ഫോണിലൂടെ നിരവധി പേര് വധഭീഷണി മുഴക്കി. എന്നാല്‍ താന്‍ അതില്‍ ഭയപ്പെടുന്നില്ല. കാരണം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് കപില്‍ മിശ്ര പറഞ്ഞതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.
കപില്‍ മിശ്ര ജാഫറാബാദില്‍ മറ്റൊരു ഷഹീന്‍ബാഗ് ഉണ്ടാകാന്‍ അനുവദിച്ചു കൂടാ എന്ന് ട്വീറ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെ പൗരത്വ പ്രതിഷേധങ്ങളെ എതിര്‍ക്കുന്നവര്‍ ഒരുവശത്തും അനുകൂലിക്കുന്നവര്‍ മറുവശത്തുമായി സംഘര്‍ഷങ്ങള്‍ തുടങ്ങി. സംഘര്‍ഷം നേരിയ തോതില്‍ കുറഞ്ഞപ്പോഴേയ്ക്കും കപില്‍ മിശ്രയുടെ മറ്റൊരു പ്രകോപനപരമായ പ്രസ്താവന വന്നു. ജാഫറാബാദിലേയും ചാന്ദ്ബാഗിലേയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍ ഡല്‍ഹി പോലീസിന് മൂന്നു ദിവസത്തെ സാവകാശം തരികയാണെന്നും അതു കഴിഞ്ഞാല്‍ തങ്ങള്‍ ഇടപെടണമെന്നുമാണ് മിശ്ര പറഞ്ഞത്. പിന്നെ ആരു പറഞ്ഞാലും തങ്ങള്‍ കേള്‍ക്കില്ലെന്ന മുന്നറിയിപ്പും.
യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വരുന്നതിനാല്‍ തല്ക്കാലം അക്രമപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടു നില്‍ക്കാനും മിശ്ര പറയുന്നതായി വീഡിയോ പുറത്തുവന്നു. എന്നാല്‍ പ്രകോപിതരായ അണികള്‍ ട്രംപിനെയൊന്നും പരിഗണിക്കാതെ അക്രമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.
മുന്‍ ഡല്‍ഹി മേയര്‍ അന്നപൂര്‍ണ മിശ്രയുടെ മകനാണ് 39 വയസുകാരനായ മിശ്ര. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മുതല്‍ അതില്‍ അംഗമായിരുന്നു. കേജരിവാളിന്റെ വിശ്വസ്തനായി 2015-ല്‍ മന്ത്രിയുമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ മിശ്ര പിന്നീട് കേജരിവാളിന്റെ വലിയ വിമര്‍ശകനായി ബിജെപിയിലേക്കു ചേക്കേറുകയായിരുന്നു.
Post Your Comments