തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച കര്‍ണാടക ഉഡുപ്പി ചിക്മംഗളൂര്‍ മണ്ഡലത്തിലെ ബിജെപി വനിതാ എംപി ശോഭ കരന്ത്‌ലജെക്കെതിരെ കേരള പൊലീസ് കേസെടുത്തു. മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153(എ) വകുപ്പ് പ്രകാരമാണ് കര്‍ണാടക എംപിക്കെതിരെ കേരള പൊലീസ് കേസെടുത്തത്.
കേരളം മറ്റൊരു കശ്മീരാകാനുള്ള ചെറിയ കാല്‍വെപ്പ് നടത്തിയെന്നും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നുമാണ് ശോഭ കരന്ത്‌ലജെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. സിഎഎ2019, സേവ ഭാരതി എന്നീ ഹാഷ് ടാഗുകളോടെയായിരിന്നു എംപി പോസ്റ്റ് ചെയ്തത്. സേവഭാരതിയാണ് ഇവര്‍ക്ക് കുടിവെള്ളം നല്‍കുന്നതെന്നും ലുട്ടിയെന്‍സ് മാധ്യമങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ‘സമാധാനപരമായ’ അസഹിഷ്ണുത റിപ്പോര്‍ട്ട് ചെയ്യുമോയെന്നും ശോഭ കരന്ത്‌ലജെ ചോദിച്ചു.
എന്നാല്‍ ഇത് കഴിഞ്ഞ വേനല്‍ക്കാലത്തെ കുടിവെള്ള വിതരണത്തിന്റെ ചിത്രമുപയോഗിച്ചാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നും മതസ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നും കുറ്റിപ്പുറം പൊലീസ് പറഞ്ഞു. ജനുവരി 22നാണ് ശോഭ കരന്ത്‌ലജെ ട്വീറ്റ് ചെയ്തത്. സിഎഎ 2019, സേവ ഭാരതി എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു എംപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Post Your Comments