മലപ്പുറം: മലപ്പുറത്ത് ഭൂമിക്കടിയിൽനിന്നു സ്ഫോടന ശബ്ദം. പരിഭ്രാന്തിയിലായ നാട്ടുകാരാണ് ഇത് സാക്ഷ്യപ്പെടുത്തിയത്. നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു വീടുകൾക്ക് വിള്ളൽ വീണിട്ടുണ്ട്.
ചില വീടുകളുടെ മുറ്റം വിണ്ടുകീറി. ശബ്ദം കേട്ട് ഭയന്ന ആളുകൾ വീടുകളിൽ നിന്നും ഇറങ്ങിയോടി. ആനക്കല്ല് നഗറിലെ ജനങ്ങളെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ഭൂമികുലുക്കമല്ലെന്നാണ് അധികൃതർ പറയുന്നത്.
പൊലീസും സ്ഥലത്തെത്തി. ഇവർ വീട്ടുകാരുമായി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു. രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ സ്ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു.
Post Your Comments