Latest NewsKerala

അൻവറിന്റെ പുതിയ പാർട്ടി ഡിഎംകെയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും, മഞ്ചേരിയിൽ പൊതുയോ​ഗം

മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ ഇന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നായിരിക്കും അൻവറിന്റെ പാർട്ടിയുടെ പുതിയ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധതയും അൻവർ ഡിഎംകെ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ഇന്ന് മഞ്ചേരിയിൽ നടക്കുന്ന പൊതുയോ​ഗത്തിൽ പുതിയ പാർട്ടി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഡിഎംകെയുടെ ഒരു മുതിർന്ന നേതാവിനെ പൊതുയോ​ഗത്തിൽ നിരീക്ഷകനായി അയക്കണമെന്ന് കഴിഞ്ഞ ദിവസം അൻവർ ഡിഎംകെ നേതൃത്വത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

ജനകീയ-കർഷക മുന്നണിയായി ജനാധിപത്യപ്രസ്ഥാനത്തിന് തുടക്കമിടുകയും ക്രമേണ ഡി.എം.കെ.യുമായി ചേർന്നു പ്രവർത്തിക്കാവുന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുകയുമാണ് അൻവറിന്റെ ലക്ഷ്യമെന്നു കരുതുന്നു. ഡി.എം.കെ. ഡെപ്യൂട്ടി ജനറൽസെക്രട്ടറിയും നീലഗിരി എം.പി.യുമായ എ. രാജ ഉൾപ്പെടെയുള്ള നേതാക്കളുമായി പി.വി. അൻവർ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.

സി.പി.എമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയപ്പോൾമുതൽ പി.വി. അൻവർ ഡി.എം.കെ. നേതാക്കളുമായി ബന്ധം പുലർത്തിയിരുന്നു. നിലമ്പൂരിൽ പി.വി. അൻവറിനൊപ്പമുള്ള ചില നേതാക്കൾ ഡി.എം.കെ.യുടെ കൊടി ഉൾപ്പെടെയുള്ള അടയാളങ്ങളുമായി ഫെയ്‌സ്ബുക്ക് പോസ്റ്റുകളും ഇട്ടിരുന്നു. മഞ്ചേരി ജസീല ജങ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ആറുമണിക്കാണ് പൊതുയോഗം.

അധികമാരെയും അറിയിക്കാതെയാണ് പി.വി. അൻവർ ശനിയാഴ്ച ചെന്നൈയിലേക്കു പോയത്. രാവിലെ എടവണ്ണയിലെ വീട്ടിൽ കാണാമെന്ന് അറിയിച്ചിരുന്നതനുസരിച്ച് മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് അദ്ദേഹം ചെന്നൈയിലേക്കു പോയതായി പറയുന്നത്. പി.വി. അൻ‌വർ എം.എൽ.എ.യും മകൻ റിസ്‌വാനും തമിഴ്നാട് മന്ത്രിയും കരൂരിൽനിന്നുള്ള മുതിർന്ന ഡി.എം.കെ. നേതാവുമായ സെന്തിൽ ബാലാജിയുമായും ചർച്ചകൾ നടത്തിയിരുന്നു. തന്റെ പുതിയ പാർട്ടിയെ ‍ഡിഎംകെയുടെ സഖ്യകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ സ്റ്റാലിനു കത്തു നൽകിയിട്ടുണ്ട്.

പി.വി. അൻവർ യു.ഡി.എഫിൽ എത്തിയാൽ സഹകരിക്കാൻ മുസ്‌ലിം ലീഗിന് വിമുഖതയുണ്ടാവില്ലെന്നാണറിയുന്നത്. അൻവർ ഒരു നിലപാട് പ്രഖ്യാപിച്ചാലേ അത്തരം ചർച്ചകളുടെ സാധ്യത വരുന്നുള്ളൂവെന്നും അപ്പോൾ യു.ഡി.എഫ്. ആലോചിച്ച് ഒറ്റക്കെട്ടായി ഉചിതമായ തീരുമാനും കൈക്കൊള്ളുമെന്നും ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.

അതേസമയം, തമിഴ്നാട്ടിലെ മുസ്‍ലിം ലീഗ് നേതാക്കളുമായും അൻവർ‌ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർ‌ട്ടുണ്ട്. ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്‍ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ അൻവറിനെ നേരിൽകണ്ട് ചർച്ച നടത്തിയെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button