KeralaLatest NewsNews

സോയാ ചങ്സില്‍ നിന്നും സാനിറ്ററി നാപ്കിന്‍

തിരുവനന്തപുരം: പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ആശയവുമായാണ് ഫാത്തിമത്തുള്‍ നഫ്ര കണ്ണൂരില്‍ നിന്ന് എത്തിയത.് സോയാചങ്സ് ഉപയോഗിച്ച് രണ്ടുരൂപ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഓര്‍ഗാനിക് പാഡുകള്‍ വിപണിയിലെത്തിക്കലാണ് ഈ കുട്ടി ശാസ്തജ്ഞയുടെ സ്വപ്നം. മെന്‍സ്ട്രല്‍കപ്പുകള്‍ യുവതലമുറക്കിടയില്‍ വലിയ രീതിയില്‍ പ്രചാരം നേടിയിട്ടുണ്ടെങ്കിലും ഇവക്കിടയിലേക്കാണ് ഓര്‍ഗാനിക്ക് നാപ്കിനുമായി ഈ വിദ്യാര്‍ത്ഥിനിയുടെ കടന്നു വരവ്. ഒഴിവാക്കാന്‍ കഴിയാത്ത സാനിറ്ററി നാപ്കിനുകള്‍ പ്രകൃതിയോടിണങ്ങി നില്‍ക്കണമെന്നും ഈ വിദ്യാര്‍ഥിനിക്ക് നിര്‍ബന്ധമുണ്ട്.

വിപണിയിലെത്തുന്ന എല്ലാതരം പാഡുകളും ഉപയോഗശേഷം വലിച്ചെറിയുന്നതിലൂടെ 400 വര്‍ഷത്തിലധികം ഇവ മണ്ണില്‍ ദ്രവിക്കാതെ കിടക്കും. ദീര്‍ഘ നേരത്തെ ഉപയോഗസാധ്യത മുന്നോട്ടുുവെക്കുന്ന പാഡുകളില്‍ ആരോഗ്യത്തിനു ഹാനികരമായ സോഡിയം പോളി അക്രിലേറ്റ് പോലുള്ള രാസവസ്തുക്കളാണ് അബ്സോര്‍ബന്റായി ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ആഹാരത്തിനു ഉപയോഗിക്കുന്ന സോയ ചങ്സിന്റെ അബ്സോര്‍ബന്റെ് കപ്പാസിറ്റിയെ നാപ്കിനില്‍ ഉപയോഗിക്കാനാണ് ഫാത്തിമ ശ്രമിച്ചത്. ആ ശ്രമം വിജയം കണ്ടുവെന്നതിന് തെളിവാണ് ഫാത്തിമയെ 27ാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ വേദിയിലെത്തിച്ചത്.

വിവിധ തട്ടുകളിലായി ആഗിരണ ശേഷിയുള്ള ബട്ടര്‍പേപ്പര്‍, ബീ വാക്സ്, സോയാ ചങ്സ് എന്നിവ ക്രമീകരിക്കുന്നു. തീര്‍ത്തും അണുവിമുക്തമാക്കിയ വസ്തുക്കള്‍ ശുചിത്വം ഉറപ്പു വരുത്തുന്നവയാണ്. നാലുമണിക്കൂര്‍ വരെ ഉപയോഗിക്കാവുന്ന നാപ്കിനില്‍ 35 മില്ലിലിറ്റര്‍ വരെ കപ്പാസിറ്റിയും ഫാത്തിമ ഉറപ്പു നല്‍കുന്നു. ഇതിനു പുറമെ വിലയും ആകര്‍ഷകമാകുമെന്ന വിശ്വാസവും ഈ കുട്ടി ശാസ്ത്രജ്ഞക്കുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഒരു പാഡിന് 1.50 രൂപ നിരക്കില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഫാത്തിമ അവകാശപ്പെടുന്നു. ബാംഗ്ളൂരിലെ ഇന്റര്‍ടെക് സ്ഥാപനത്തിലയച്ച് ബി.ഐ.എസ് സര്‍ട്ടിഫിക്കേഷനും ഈ ഉത്പന്നത്തിന് നേടിയെടുത്തിട്ടുണ്ട്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന ഫാത്തിമ കണ്ണൂരിലെ കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button