മഹാരാഷ്ട്ര: സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള 60 ലക്ഷം സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് 10 സാനിറ്ററി നാപ്കിനുകൾ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ലോക ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ മരണത്തിന്റെ പ്രധാന കാരണം ആർത്തവ സമയത്തെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നത്തിന് പുതിയ പരിഹാരം കാണുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ മേഖലയിൽ 17 ശതമാനം സ്ത്രീകൾക്കു മാത്രമാണ് സാനിറ്ററി നാപ്കിനുകൾ ലഭിക്കുന്നത്. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ ഗ്രാമ പ്രദേശങ്ങളിൽ സാനിറ്ററി നാപ്കിനുകളുടെ അഭാവം ഇല്ലാതാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
2022 ഓഗസ്റ്റ് 15 മുതലാണ് ഈ പദ്ധതി നടപ്പാക്കി തുടങ്ങുക. ‘പദ്ധതി നിലവിൽ വരുമ്പോൾ ഗ്രാമ പ്രദേശങ്ങളിലെ 60 ലക്ഷത്തോളം സ്ത്രീകൾക്ക് പ്രയോജനപ്പെടും. കൂടാതെ, പ്രതിവർഷം 200 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി കണക്കാക്കുന്നത്’, സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസൻ മുഷ്‌രിഫ് പറഞ്ഞു.
Post Your Comments