ആന്ധ്രാപ്രദേശ്: ആന്ധ്രയിലെ കടപ്പ സ്വദേശിയായ കെ. വി. മഹേശ്വർ റെഡ്ഡിക്ക് ഈ വർഷം നടന്ന സിവില്‍ സർവീസ് പരീക്ഷയില്‍ 126 ആം റാങ്ക് ലഭിച്ചിരുന്നു. ഐപിഎസ് ലഭിച്ചതോടെ മഹേശ്വറിന്റെ മട്ടും ഭാവവും മൊത്തം മാറി. തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്തവളാണ് ഭാര്യയായ ബിരുദല ഭവാനി എന്ന തോന്നല്‍ തുടങ്ങി. ഇതോടെ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. തനിക്ക് വിവാഹ മോചനം വേണമെന്നും മഹേശ്വർ ആവശ്യപ്പെട്ടു തുടങ്ങി. ഇതോടെയാണ് റെയില്‍വേ ജീവനക്കാരിയായ മഹേശ്വറിന്റെ ഭാര്യ ബിരുദല ഭവാനി പരാതി നല്‍കിയത്. താഴ്ന്ന ജാതിയില്‍പ്പെട്ട ബിരുദലയെ കല്യാണം കഴിച്ച മഹേശ്വർ ഭാര്യയുടെ പണം ഉപയോഗിച്ചാണ് പഠിച്ചതും ഐപിഎസ് നേടിയതും. എന്നാല്‍ ഐപിഎസ് കാരനായപ്പോൾ മഹേശ്വർ വന്ന വഴി മറക്കുകയായിരുന്നു.
ഫെബ്രുവരി 9നാണ് മഹേശ്വറും ബിരുദല ഭവാനിയും വിവാഹിതരായത്. ബന്ധുക്കളെ അറിയിക്കാതെ രഹസ്യമായാണ് ഇരുവരും വിവാഹിതരായത് . വിവാഹത്തെപ്പറ്റി വീട്ടുകാരോട് പറയാൻ ഭാര്യ പല തവണ മഹേശ്വറെ നിർബന്ധിച്ചിരുന്നു. സിവിൽ സർവീസ് പരീക്ഷാഫലം അറിഞ്ഞാലുടൻ വിവാഹം കഴിഞ്ഞ കാര്യം വീട്ടിൽപ്പറയാമെന്ന് അയാൾ ഭാര്യയ്ക്ക് വാക്കു നൽകി. പക്ഷേ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചതോടെ നിലവിലെ ഭാര്യയ്ക്ക് അന്തസ്സ് പോരെന്നും തന്റെ ഇപ്പോഴത്തെ നിലയ്ക്കും വിലയ്ക്കും ചേർന്ന രീതിയിൽ വിവാഹം കഴിക്കണമെന്നും മഹേശ്വർ തീരുമാനിക്കുകയായിരുന്നു. ഐപിഎസ് സെലക്ഷൻ കിട്ടിയ ശേഷം വീട്ടുകാർ തനിക്ക് വിവാഹാലോചനകൾ കൊണ്ടുവരുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വിവാഹം ചെയ്ത കാര്യം പുറത്തു പറയരുതെന്നും പറഞ്ഞ് ബിരുദലയെ ഭീഷണിപ്പെടുത്തുകയും ചെയ്തു മഹേശ്വർ.
യുവതിയുടെ പരാതി സ്വീകരിച്ച ശേഷം പലകുറി ഇരുവരെയും കൗൺസിലിങ്ങിനു വിധേയരാക്കിയെങ്കിലും യുവതിയെ ഇനി ഭാര്യയായി കാണാനാകില്ലെന്നും വിവാഹമോചനം വേണമെന്നുമുള്ള ഉറച്ച നിലപാടാണ് മഹേശ്വർ സ്വീകരിച്ചത്. ബിരുദല നൽകിയ പരാതി സത്യമാണെന്ന് കണ്ടതോടെയാണ് ഐപിഎസ് ട്രെയിനിയായ മഹേശ്വർ റെഡ്ഡിക്ക് സസ്പെൻഷൻ ലഭിച്ചത്. ഭാര്യയെ ഉപദ്രവിച്ചതിനും വിവാഹമോചനത്തിന് ശ്രമിച്ചതിനുമാണ് നടപടി, കേസില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ മാത്രമേ മഹേശ്വർ റെഡ്ഡിയുടെ സസ്പെന്ഷന് നടപടി ഇനി സര്‍ക്കാര്‍ പുനഃപരിശോധിക്കുകയുള്ളൂ.
Post Your Comments