കൊച്ചി: “മാവോയിസ്റ്റുകൾക്ക് വെള്ളവും, വളവും നൽകുന്നത് ഇസ്ലാമിക തീവ്രവാദികൾ” എന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മാവോയിസ്റ്റുകൾക്ക് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളുമായി ഒഴിച്ചു കൂടാനാവാത്ത ബന്ധമാണുള്ളതെന്നും കുമ്മനം കൂട്ടിച്ചേർത്തു. തങ്ങൾ ഇത് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്ര മുസ്ലീം സംഘടനകളും മാവോയിസ്റ്റുകളും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. പല തീവ്രവാദ കേസുകളിലും പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ശബരിമലയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ ഉപേക്ഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പന്തളം രാജാവിനെയും തന്ത്രിയെയും അവഹേളിച്ചു. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവനകൾ. ആചാരങ്ങൾക്കുമേൽ അഭിപ്രായം പറയാനുള്ള തന്ത്രിയുടെ സ്വാതന്ത്ര്യം ബോർഡ് പ്രസിഡന്റ് ചോദ്യംചെയ്യാൻ പാടില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
Post Your Comments