ബെംഗളൂരു: സുപ്രീംകോടതി അനുമതി നല്‍കിയതോടെ കര്‍ണാടകയിലെ 17 കോണ്‍ഗ്രസ്, ജെഡിഎസ് വിമത നേതാക്കള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ അവരില്‍ 13 പേരേയും അവരവരുടെ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.17 വിമത നേതാക്കളില്‍ റോഷന് ബെയ്ഗിനെ മാത്രമാണ് ബിജെപി സ്വീകരിക്കാതിരുന്നത് എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ ചില നേതാക്കളുടേയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്നാണ് മംഗളൂര് മേഖലയില്‍ നിന്നുള്ള നേതാവും മുന്‍ മന്ത്രിയുമായ റോഷന് ബെയ്ഗിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി നിലപാട് ബെയ്ഗിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ശിവാജി നഗറില്‍ മകന് റുമാന്‍ ബെയ്ഗിന് ടിക്കറ്റുറപ്പിക്കാനായിരുന്നു റോഷന് ബെയ്ഗിന്റെ ശ്രമം. ഇതിനായി ബുധനാഴ്ച്ച രാത്രി മുഖ്യമന്ത്രി യെഡിയൂരപ്പയുമായി മണിക്കൂറുകളോളം അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി
എന്നാല്‍ ബെയ്ഗിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ പോലും ബിജെപി തീരുമാനം എടുത്തില്ല. റോഷന് ബെയ്ഗിനെ ബിജെപി തഴഞ്ഞതില്‍ കോണ്‍ഗ്രസ് ക്യാംമ്പുകളില്‍ ആഹ്ളാദം സൃഷ്ടിക്കുകയും ചെയ്തു. ഇന്ന് റോഷന് ബെയ്ഗിനെ ബിജെപി തഴഞ്ഞെന്നും നാളെ ഇതെ ഗതിയാണ് മറ്റ് വിമത നേതാക്കളെ കാത്തിരിക്കുന്നതെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഈസ്വര് ഖണ്ഡ്രെ അഭിപ്രായപ്പെട്ടു. അതെ സമയം അഴിമതിക്കേസുകളിൽ നിരന്തരം ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് റോഷൻ ബെയ്ഗ്.
Post Your Comments