റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ സുരക്ഷ, പ്രതിരോധ വ്യവസായം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും. ഇതിന്റെ ഭാഗമായി സൗദി രാജാവ് സല്‍മാന്‍, കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. റിയാദില്‍ നടക്കുന്ന ബിസിനസ് ഉച്ചകോടിയിലും മോദി പങ്കെടുത്ത് സംസാരിക്കും.
അയല്‍രാജ്യങ്ങള്‍ കാരണമുള്ള സുരക്ഷാ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും സൗദിയുമെന്ന് പാകിസ്ഥാനെ പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. സുരക്ഷാ മേഖലയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും സൗദിയും തമ്മില്‍ പ്രത്യേക കരാറുണ്ടാക്കുമെന്നും മോദി പറഞ്ഞു. സൗദി മാധ്യമമായ അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ സഹകരണം, പ്രതിരോധ വ്യവസായം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ വിശദമായ ചര്‍ച്ചനടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ സഹകരണത്തിന് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കും. ബിസിനസ് സൗഹൃദ പരിസ്ഥിതി വാര്‍ത്തെടുക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തുന്നുണ്ടെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികള്‍ പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.
ഊര്‍ജ മേഖലയില്‍ ഇന്ത്യയും സൗദിയും തമ്മില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ഇന്ത്യയില്‍ എണ്ണ-പ്രകൃതി വാതക മേഖലയില്‍ സൗദി വന്‍ നിക്ഷേപങ്ങള്‍ നടത്തുമെന്നും പ്രതിരോധം, സുരക്ഷ, പുനരുപയോഗ ഊര്‍ജം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയും സൗദിയും ഉടന്‍ കരാറുണ്ടാക്കുമെന്നും മോദി പറഞ്ഞു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്ന ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.
Post Your Comments