തിരുവനന്തപുരം: സംസ്ഥാനത്തെ ഗാതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാന്‍ തീരുമാനം. ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചു. പത്തോളം നിയമലംഘനങ്ങളുടെ പിഴയിലാണ് ഇളവു വരുത്തിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഗതാഗത വകുപ്പിന്റേയും നിയമസെക്രട്ടറിയുടേയും റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പിഴ കുറക്കാന്‍ തീരുമാനമായത്. അതേസമയം മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴയില്‍ മാറ്റമില്ല.
സെപ്തംബര്‍ ഒന്നിനായിരുന്നു കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നത്. എന്നാല്‍ കനത്ത പിഴയ്ക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് തുക കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഹൈല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തതിനുള്ള പിഴ പകുതിയാക്കി കുറച്ചുകൊണ്ടാണ് പുതിയ തീരുമാനം. 1000 രൂപയായിരുന്നത് 500 ആക്കി കുറച്ചിട്ടുണ്ട്. അമിത വേഗത്തിനുള്ള നിയമലംഘനത്തിന് 1500 രൂപയാണ് പിഴ. ആവര്‍ത്തിച്ചാല്‍ 3000 രൂപ പിഴ നല്‍കണം.
ALSO READ: ‘ ഹെല്‍മെറ്റ് വെച്ചേക്കാം ഇല്ലെങ്കില്‍ ഫൈനടിച്ചാലോ’;ഉടമയുടെ ബൈക്കിന് പിന്നില്‍ ഹെല്‍മെറ്റ് ധരിച്ച് നായ
വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നതിനുള്ള പിഴ 20000 രൂപയില്‍ നിന്ന് പതിനായിരമാക്കി കുറച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കണം. മുന്‍പ് ഇത് 3000 രൂപയായിരുന്നു. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയെന്നത് 5000 രൂപയാക്കി കുറച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിലാതെ വാഹനമോടിച്ചാല്‍ 2000 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 10,000 രൂപയായിരുന്നു.
മത്സര ഓട്ടം നടത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയും പകുതിയാക്കി കുറച്ചിട്ടുണ്ട്. ഈ തുക 10000 രൂപയില്‍ നിന്ന് 5000 ആക്കാനാണ് തീരുമാനം. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനായുള്ള ആദ്യ കുറ്റത്തിന്റെ പിഴയില്‍ മാറ്റമില്ല. ആവര്‍ത്തിച്ചാലുള്ള പിഴ 4000 രൂപയില്‍ നിന്നും 2000 രൂപയാക്കി കുറച്ചിട്ടുണ്ട്.
ALSO READ : അസമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കണ്ടു:അമ്മയുടെ കാമുകനെ വിദ്യാര്‍ത്ഥി പേവര്‍ ബ്ലോക്ക് കൊണ്ട് ഇടിച്ചുകൊന്നു
മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നതോടെ കേരളം ഉയര്‍ന്ന പിഴ ഈടാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ വാഹനപരിശോധന നിര്‍ത്തിവെക്കുകയും ഗുരുതര നിയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കുകയായിരുന്നു ചെയ്തിരുന്നത്.
Post Your Comments