തിരുവനന്തപുരം : കൊച്ചി മരട് ഫ്‌ളാറ്റ് സംഭവം എല്ലാവര്‍ക്കും പാഠമായിരിക്കുകയാണ്. ഫ്‌ളാറ്റിലെ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ ഫ്‌ളാറ്റ് നില്‍ക്കുന്നത് തീരദേശപരിപാലന നിയമം ലംഘിച്ചാണെന്ന് അറിഞ്ഞിട്ടില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. ഇതോടെ ഈ നിയമം എന്താണെന്നും അത് എങ്ങിനെ കെട്ടിടങ്ങള്‍ക്ക് ബാധകമാകും എന്നത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളെ സംരക്ഷിക്കുന്നതിനു രാജ്യത്തുള്ള നിയമങ്ങളറിയാതെ കെട്ടിടം നിര്‍മിക്കുകയും വാങ്ങുകയും ചെയ്യുന്നവരാണു ചതിക്കുഴികളില്‍ വീഴുന്നത്. തീരദേശ മേഖലയെയും സമുദ്രമേഖലയെയും നിലനിര്‍ത്താനും സംരക്ഷിക്കാനുമാണ് തീരദേശ പരിപാലന മേഖലകളെ (കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍- സിആര്‍സെഡ്) കേന്ദ്ര പരിസ്ഥിതി വകുപ്പ് വിവിധ രീതിയില്‍ തരം തിരിച്ച് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
വിജ്ഞാപനം അനുസരിച്ച്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലാത്ത മേഖലകളും നൂറു മീറ്ററിനുള്ളില്‍ നിയന്ത്രണമുള്ള മേഖലകളുമുണ്ട്. 2011 ജനുവരി ആറിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. പാരിസ്ഥിതിക പ്രത്യേകതകളുള്ളതും തീരദേശമേഖലയുടെ പ്രാധാന്യം നിലനിര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്നതുമായ കണ്ടല്‍ക്കാടുകള്‍ പോലുള്ള പ്രദേശങ്ങളാണു സിആര്‍സെഡ് ഒന്നില്‍ വരുന്നത്. തീരദേശ മേഖലയോ അതിനു വളരെ അടുത്തുള്ള വികസനം നടന്ന സ്ഥലങ്ങളോ ആണ് സോണ്‍ രണ്ടില്‍. മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും സോണ്‍ രണ്ടിലാണ്.
ഉള്‍പ്രദേശങ്ങളിലെ വികസിച്ചതും അല്ലാത്തതുമായ തീരദേശമേഖലകളാണു സോണ്‍ മൂന്നില്‍. മുനിസിപ്പല്‍ പരിധിയിലെ കാര്യമായ വികസനം നടക്കാത്ത സ്ഥലങ്ങളും പഞ്ചായത്തു പ്രദേശങ്ങളും സോണ്‍ മൂന്നിലാണ്. കൂടുതല്‍ നിയന്ത്രണങ്ങളും ഈ മേഖലയിലാണ്. വേലിയിറക്ക രേഖയില്‍നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരംവരെയുള്ള പ്രദേശമാണു സോണ്‍ നാലില്‍. പ്രത്യേക പരിഗണന ആവശ്യമായിവരുന്ന സ്ഥലങ്ങളാണ് സോണ്‍ അഞ്ചില്‍. കേരളത്തില്‍ കായലുകളും കായല്‍ത്തുരുത്തുകളുമാണ് ഈ സോണില്‍ വരുന്നത്.
മരടിലെ ഫ്‌ലാറ്റുകള്‍ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തില്‍ സോണ്‍ മൂന്നിലാണ് ഉള്‍പ്പെട്ടിരുന്നത്. തീരദേശ പരിപാലന നിയമത്തില്‍വന്ന ഭേദഗതി അനുസരിച്ചു സോണ്‍ രണ്ടിലേക്കു മാറിയെങ്കിലും നിര്‍മാണ സമയത്തുണ്ടായിരുന്ന നിയമമാണു ബാധകം. ഭേദഗതിയില്‍ പരിസ്ഥിതി വകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. ഇതു സര്‍ക്കാര്‍ അംഗീകരിച്ച് തീരദേശ പരിപാലനത്തിനു സമിതി രൂപീകരിക്കണം. ഈ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ ഇളവിനു മുന്‍കാല പ്രാബല്യം കിട്ടില്ല.
സിആര്‍സെഡ് ഒന്ന്
സിആര്‍സെഡ് ഒന്നില്‍ ആണവോര്‍ജ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍, കാലാവസ്ഥാ റഡാര്‍ സ്ഥാപിക്കല്‍, പ്രകൃതിവാതക പര്യവേഷണം തുടങ്ങിയ കാര്യങ്ങള്‍ക്കൊഴികെ മറ്റൊരു നിര്‍മാണ പ്രവര്‍ത്തനത്തിനും അനുമതിയില്ല. കണ്ടല്‍ക്കാടുകള്‍, പവിഴപ്പുറ്റുകള്‍, മണല്‍ക്കുന്നുകള്‍, ദേശീയ ഉദ്യാനങ്ങള്‍, പക്ഷികളുടെ കൂടൊരുക്കല്‍ സങ്കേതങ്ങള്‍ തുടങ്ങിയവയാണ് ഈ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സിആര്‍സെഡ് രണ്ട്
മുനിസിപ്പല്‍ പരിധിയില്‍വരുന്ന സിആര്‍സെഡ് രണ്ടില്‍ നിലവിലുള്ള പാതയില്‍നിന്നു കരയുടെ ഭാഗത്തേക്കോ നിലവിലുള്ള അംഗീകൃത നിര്‍മിതികളില്‍നിന്ന് കരയുടെ ഭാഗത്തേക്കോ മാത്രമേ നിര്‍മാണം അനുവദിക്കൂ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ പരിപാലന അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം. നിലവിലുള്ള തറവിസ്തൃതി അനുസരിച്ചും ഉപയോഗത്തില്‍ മാറ്റം വരുത്താതെയും, അംഗീകാരമുള്ള നിര്‍മിതികള്‍ പുനര്‍നിര്‍മിക്കാം
Post Your Comments