തിരുവനന്തപുരം: അഞ്ച് നിയമസഭകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കെപിസിസിയുടെ ഇലക്ഷൻ സമിതി ഇന്ന് യോഗം ചേരും. സാമൂദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി മറ്റ് മൂന്നിടത്തും സമവായത്തിലെത്താനാണ് നേതാക്കളുടെ ശ്രമം. പക്ഷെ സംസ്ഥാന കോൺഗ്രസ്സിന് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണ്.
കോന്നിയിൽ അടൂർപ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജില്ലയിലെ നേതാക്കൾ. അടൂർ പ്രകാശ് മുന്നോട്ട് വെച്ച റോബിൻ പീറ്ററിനെ പറ്റില്ലെന്ന് ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രാത്രി കെപിസിസി അധ്യക്ഷനുമായുള്ള ചർച്ചയിലും ആവർത്തിച്ചു. സാമുദായിക സമവാക്യം ഊന്നിയാണ് എതിർപ്പ്.
വട്ടിയൂർകാവും അരൂരും വെച്ച് മാറണമെന്ന എ ഗ്രൂപ്പ്നിർദ്ദേശം ഐ ഗ്രൂപ്പ് തള്ളി. ഇതോടെ അരൂരിൽ പ്രതീക്ഷ വെച്ചിരുന്ന ഷാനിമോൾ ഉസ്മാന് തിരിച്ചടിയായി. കെവി തോമസ് അവകാശ വാദം ഉന്നയിക്കുമ്പോഴും ടിജെ വിനോദിനാണ് എറണാകുളത്ത് മുൻതൂക്കം. തെരഞ്ഞെടുപ്പ് സമിതിയിൽ അന്തിമ തീരുമാനമാകാനുള്ള സാധ്യതകുറവാണ്. തീരുമാനമെടുക്കാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്താനാണ് സാധ്യത. വൈകീട്ട് യുഡിഎഫ് യോഗവും നടക്കും.
Post Your Comments