പിറവം: പിറവം സെയ്ന്റ് മേരീസ് പള്ളി (വലിയ പള്ളി) സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ് ഒരുങ്ങി. ബുധനാഴ്ച രാവിലെ ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം തന്നെ പള്ളിക്ക് അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം വിശ്വാസികള്‍ പള്ളിയുടെ പ്രവേശനകവാടം പൂട്ടിയിട്ട് പ്രതിഷേധിക്കുകയാണ്.എന്തുവന്നാലും ഓര്‍ത്തഡോക്സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. പ്രായമായ സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയിരിക്കുന്നത്.
ALSO READ: ഈണങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിച്ച പ്രിയ കലാകാരന്റെ മരണം; ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടിട്ട് ഇന്ന് ഒരു വർഷം
രാവിലെ ഏഴുമണിയോടെ പള്ളിയില്‍ പ്രവേശിക്കുമെന്നായിരുന്നു ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചിരുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ടു തന്നെ പിറവത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. യാക്കോബായ വിശ്വാസികളും ചൊവ്വാഴ്ച തന്നെ പള്ളിയിലെത്തി.
രാത്രി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഏതാനും മെത്രാപ്പോലീത്തമാരും വലിയ പള്ളിയിലെത്തി പള്ളിയകത്ത് പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് അവര്‍ വിശ്വാസികള്‍ക്കൊപ്പം പള്ളിയകത്തിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിപ്രവേശനത്തിനെത്തിയാല്‍ എന്തായിരിക്കും നിലപാടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ പള്ളികള്‍ വിട്ടുകൊടുക്കില്ലെന്ന് ശ്രേഷ്ഠ ബാവ എറണാകുളത്ത് ഉപവാസ വേദിയില്‍ വ്യക്തമാക്കിയിരുന്നു. റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തിക് ചൊവ്വാഴ്ച പിറവത്ത് വലിയ പള്ളിയിലെത്തിയിരുന്നു.
എഴുനൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം സ്കൂബ ടീമിനെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ആര്.ഡി.ഒ. യുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് സംഘവുമുണ്ട്.
ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സ്കറിയ വട്ടക്കാട്ടിൽ, കെ പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടണം എന്ന് ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു.
Post Your Comments