ഇസ്രയേല്‍ : ഭരണത്തില്‍ തുടരാമെന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതീക്ഷ അവസാനിക്കുന്നു. തീവ്ര അറബ് വിരോധിയായ നെതന്യാഹു അധികാരത്തില്‍ തുടരുന്നത് തടയുന്നതിന് പലസ്തീന് – അറബ് വംശജരുടെ പാര്‍ട്ടികള്‍ നടത്തുന്ന കരുനീക്കങ്ങള്‍ ഫലം കാണുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ മുന്‍ സൈനിക ജനറല്‍ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയെ പിന്തുണക്കാനാണ് അറബ് പാര്‍ട്ടികളുടെ കൂട്ടായ്മയായ പലസ്തീന് ജോയിന്റ് ലിസ്റ്റിന്റെ തീരുമാനം. 120 അംഗ നെസറ്റില്‍ 13 സീറ്റുകള്‍ നേടി മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാണ് ജോയിന്റ് ലിസ്റ്റ്.
ബെന്നി ഗാന്റ്സിന് നല്കുന്ന പിന്തുണ കൊണ്ട് അദ്ദേഹത്തിന്റെ നയങ്ങള്‍ തങ്ങള്‍ പിന്തുണക്കുന്നു എന്നര്‍ത്ഥമില്ലെന്നും നെതന്യാഹു ഭരണത്തില്‍ തുടരുന്നത് തടയുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ജോയിന്റ് ലിസ്റ്റ് നേതാവ് അയ്മന് ഓദെ പറഞ്ഞു. ഗവണ്മെന്റ് രൂപീകരിക്കാന്‍ ഗാന്റ്സിനെ സഹായിക്കുമെങ്കിലും ഭരണമുന്നണിയില്‍ ഇരിക്കാന്‍ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1992-നു ശേഷം ഇതാദ്യമായാണ് ജോയിന്റ് ലിസ്റ്റ് ഇസ്രയേലിലെ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ അറിയിക്കുന്നത്.
97 ശതമാനം ഫലം പുറത്തുവന്നപ്പോള്‍ ഗാന്റ്സിന്റെ പാര്‍ട്ടിക്ക് 33 സീറ്റും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. ലിക്കുഡ് അടക്കം വലതുപക്ഷ, തീവ്ര യാഥാസ്ഥിതിക പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മുന്നണിക്ക് 55 സീറ്റുകളേ നേടാനായുള്ളൂ. അതേസമയം, ജോയിന്റ് ലിസ്റ്റിന്റെ പിന്തുണ കൂടി ലഭിച്ചാല്‍ ബ്ലൂ ആന്റ് വൈറ്റ് ഉള്‍പ്പെടുന്ന മധ്യ-ഇടത് മുന്നണിക്ക് 57 സീറ്റാവും. പലസ്തീന് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ഗാന്റ്സ് നിലപാട് വ്യക്തമാക്കിയിട്ടില്ല.
Post Your Comments