കൊച്ചി: വില്ലന്മാര് നായകനായെത്തുന്ന ഗെയിമുകൾക്ക് പകരം മലയാളിത്തമുള്ള തനിനാടന്‍ ഗെയിമുകള്‍ എത്തുന്നു. സാംസ്കാരികവകുപ്പും സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് ഇത്തരത്തിലുള്ള ഗെയിമുകൾ പുറത്തിറക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. വെടിവെയ്പ്, ബോംബിംഗ്, അക്രമങ്ങള്‍ എന്നിവ നിറഞ്ഞതാണ് ഇപ്പോൾ ലഭിക്കുന്ന ഗെയിമുകൾ ഏറെയും. ഇത്തരം ഗെയിമുകള്‍ കുട്ടികളില്‍ അക്രമവാസന, വ്യക്തിത്വവൈകല്യം എന്നിവയ്ക്കു കാരണമാകുമെന്നാണ് മനഃശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരം ഹിംസാത്മക കളികള്‍ക്കുപകരം മാനുഷികമൂല്യങ്ങള്‍ നിറഞ്ഞവ ആസൂത്രണം ചെയ്യുക എന്നതാണ് സാംസ്കാരികവകുപ്പിന്റെ ലക്ഷ്യം. ഗെയിമിങ് ആനിമേഷന്‍ ഹാബിറ്റാറ്റ് എന്നു പേരിട്ട പദ്ധതിക്കായി 50 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വിഷ്വല്‍ ഇഫക്ട്സ് രംഗത്തെ വിദഗ്ധരെയും സ്വകാര്യസംരംഭകരെയും ചേര്‍ത്താണ് ഗെയിമുകള്‍ തയ്യാറാക്കുന്നത്. സംസ്ഥാനത്തുനിന്നു പുതിയ പ്രതിഭകളെ കണ്ടെത്തി ഈ വിഷയത്തില്‍ ലോകത്തെ ഏറ്റവും മികച്ച സ്റ്റുഡിയോകളില്‍ പരിശീലനം ലഭ്യമാക്കാനും പദ്ധതിയുണ്ട്.
Post Your Comments