ബെംഗളൂരു: നാലാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബി എസ് യെദിയൂരപ്പ. രാജ്ഭവനിൽ പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടെയാണ് സത്യപ്രതിജ്ഞ നടന്നത് .തന്റെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ബിജെപി പ്രവർത്തകരോടുള്ള പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു. എന്നാൽ പകപോക്കലിന്റെ രാഷ്ട്രീയമാകില്ല തന്റേത്. ഭരണസംവിധാനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്ന് കാണിച്ചുകൊടുക്കും. പ്രതിപക്ഷത്തെയും ഒപ്പം കൂട്ടുമെന്നും ജഗന്നാഥ ഭവനയിൽ നടത്തിയ പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു.
224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. കേവലഭൂരിപക്ഷമില്ല. പക്ഷേ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. ഈ ബലത്തിലാണ് യെദിയൂരപ്പയുടെ സർക്കാർ നിലനിൽക്കുന്നത്. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
Post Your Comments