അബുദാബി: അനുമതിയില്ലാതെ മറ്റൊരാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കേസില്‍ അബുദാബി കോടതി ശിക്ഷ വിധിച്ചു. പ്രതിയായ അറബ് പൗരന് 10,000 ദിര്‍ഹം (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയാണ് പരമോന്നത കോടതി വിധിച്ചത്.
പ്രതി പരാതിക്കാരന്റെ സ്വകാര്യത ലംഘിച്ചതായി കോടതി കണ്ടെത്തി. തുടര്‍ന്ന് ഫെഡറല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിക്കുകയായിരുന്നു. ഫോട്ടോ പോസ്റ്റ് ചെയ്തതിന് നഷ്ടപരിഹാരമായി പരാതിക്കാരന് 21,000 ദിര്‍ഹം നല്‍കാന്‍ കോടതി നിര്‍ദേശിച്ചതായും യു എ ഇയിലെ അല്‍ ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അബുദാബി പ്രാഥമിക കോടതി ഇതേ കേസില്‍ നേരത്തെ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി അപ്പീല്‍ നല്‍കിയെങ്കിലും ഇതേ ശിക്ഷ തന്നെ അപ്പീല്‍ കോടതി ശരിവെച്ചു. പരാതിക്കാരന്‍ തന്നെ ഇതേ ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സ്വകാര്യത ലംഘിച്ചിട്ടില്ലെന്നും പ്രതി വാദിച്ചു. എന്നാല്‍ ഇത് കോടതി കണക്കിലെടുത്തില്ല.
Post Your Comments