തിരുവനന്തപുരം ; സംശയരോഗം, ഡിഎൻഎ പരിശോധനയിൽ സ്വന്തം കുട്ടിയെന്നു തെളിഞ്ഞിട്ടും സംരക്ഷിക്കാനാവില്ലെന്ന നിലപാടുമായി യുവാവ്. വനിതാ കമ്മിഷൻ അദാലത്തിലാണു സംഭവം. ഏഴുമാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച ഇയാൾ കുട്ടിയുടെ പിതൃത്വത്തിൽ സംശയിച്ചു കമ്മിഷനു പരാതി നൽകുകയായിരുന്നു. പ്രത്യേക സാഹചര്യം പ്രമാണിച്ചാണു പുരുഷന്റെ പരാതി കമ്മിഷൻ സ്വീകരിച്ചത്.
എന്നാൽ തുടർന്നു നടത്തിയ ഡിഎൻഎ പരിശോധനയിൽ യുവാവാണു കുട്ടിയുടെ പിതാവെന്നു വ്യക്തമായി. എന്നിട്ടും ഭാര്യയെയും കുഞ്ഞിനെയും ഏറ്റെടുക്കാൻ കഴിയില്ലെന്ന് യുവാവ് ഇന്നലെ കമ്മിഷനെ അറിയിക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഇയാളുടെ അമ്മയോട് അടുത്ത അദാലത്തിൽ ഹാജരാകാൻ ഉത്തരവു നൽകി.
കൂടാതെ യുവാവിന്റെ നടപടിയെ ശക്തമായി അപലപിച്ച കമ്മിഷൻ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. സഹപ്രവർത്തകർ തന്നോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പിഎഫ് ഓഫിസിൽ ജോലി ചെയ്യുന്ന യുവതി കമ്മിഷനിൽ നൽകിയ പരാതിയും ശ്രദ്ധിക്കപ്പെട്ടു. എതിർകക്ഷി കമ്മിഷനിൽ ഹാജരായിട്ടും പരാതിക്കാരിയായ യുവതി ഹാജരായില്ല. തുടർന്ന് തുടർന്നു കമ്മിഷൻ നേരിട്ട് ഇവരുടെ ഓഫിസിൽ വിളിച്ച് അന്വേഷണം നടത്തി. കാരണം കൂടാതെ സഹപ്രവർത്തകർക്കെതിരെ ഇവർ തുടർച്ചയായി പരാതി നൽകുന്നതായും കണ്ടെത്തി. ഇതിനോടകം 13 പേർക്കെതിരെയാണ് പരാതി നൽകിയത്. എതിർകക്ഷിയുടെ ആരോപണം ഗൗരവമായി എടുത്തെന്നും വ്യാജപരാതി നൽകിയ യുവതിക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
Post Your Comments