കോട്ടയം : മകള്‍ നീനുവിനെ വിട്ടുതരണമെന്നാവശ്യപ്പെട്ടു പിതാവ് ചാക്കോ ജോസഫ് സമീപിച്ചിരുന്നതായി കെവിന്റെ പിതാവ് ജോസഫ് മഴി നല്‍കി. കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന് രണ്ടു ദിവസം മുന്‍പാണ് ഈ ആവശ്യവുമായി ഇവര്‍ കാണാനെത്തിയത്. കെവിന്‍ കൊലക്കേസ് വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നലെ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നല്‍കാനെത്തിയത്.
മൊഴിയില്‍ നിന്ന്: കഴിഞ്ഞ വര്‍ഷം മേയ് 25നാണ് ചവിട്ടുവരിയിലെ വര്‍ക്ഷോപ്പില്‍ വന്ന് ചാക്കോ കണ്ടത്. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടില്‍ വന്നു. 27 നു പുലര്‍ച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി.
തട്ടിക്കൊണ്ടു പോയ വിവരം ആദ്യം സിപിഎം ഏറ്റുമാനൂര്‍ ഏരിയ സെക്രട്ടറി വേണുവിനെ അറിയിച്ചു. പിന്നീട് ഗാന്ധി നഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയെ വേണ്ട ഗൗരവത്തോടെയല്ല ഗാന്ധിനഗര്‍ എസ്‌ഐഎടുത്തത്. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് വ്യക്തമാക്കി.
കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയില്‍ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാര്‍ മൊഴി നല്‍കി. ”എഎസ്‌ഐ ടി.എം. ബിജുവും ഒപ്പമുണ്ടായിരുന്നു. അമലഗിരിയിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനു വന്നതാണ്. വഴിതെറ്റി മാന്നാനത്ത് എത്തിയതാണെന്ന് സാനു പറഞ്ഞു. സാനുവിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ചെളി കൊണ്ട് മറച്ചിരുന്നു. മറ്റൊരു കാറില്‍ നിന്നു ചെളി തെറിച്ചതാണെന്നാണ് പറഞ്ഞതെന്നും അജയകുമാര്‍ പറഞ്ഞു. പ്രതികള്‍ക്ക് ഒത്താശ ചെയ്തതിനും മറ്റും എഎസ്‌ഐ ബിജുവിനു പിരിച്ചു വിടല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്.
സാനുവിനെയും ഇഷാനെയും കാറിനൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. സാനുവിന്റെ ഫോണ്‍ നമ്പറും വാങ്ങി. അനീഷിന്റെ വീട് ആക്രമിക്കപ്പെട്ട വിവരം അല്‍പം കഴിഞ്ഞപ്പോള്‍ അറിഞ്ഞു. എഎസ്‌ഐ ബിജു സാനുവിനെയും ചാക്കോയെയും ഫോണില്‍ വിളിച്ചു. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു.” റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും അജയകുമാര്‍ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.വാഹന പരിശോധയ്ക്കിടെ സാനുവിന്റെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന അജയകുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു.
Post Your Comments