ബത്തേരി: കാര്‍ഷിക പ്രതിസന്ധിയില്‍ കരിഞ്ഞുണങ്ങുന്ന വയനാടന്‍ മണ്ണില്‍ ഇനി പ്രതീക്ഷയുടെ പൂക്കാലം. ജില്ലയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി സര്‍ക്കാര്‍ നടപ്പാക്കുന്ന പൂ കൃഷി കര്‍ഷകര്‍ക്ക് വരുമാന മാര്‍ഗമായി മാറുന്നു. വീട്ടുവളപ്പില്‍ ഇടവിളയായി പൂകൃഷി ചെയ്താണ് കര്‍ഷകര്‍ വരുമാനം കൊയ്യുന്നത്. ബത്തേരി കൃഷിഭവന് കീഴില്‍ 25 കര്‍ഷകരുടെ മുഖ്യ വരുമാനമാര്ഗമാണിന്ന് പൂ കൃഷി. സംസ്ഥാന കൃഷി വകുപ്പിന്റെ സ്പെഷ്യല്‍ ഫ്ളോറി കള്‍ച്ചര്‍ ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 25 കര്‍ഷകരാണ് പദ്ധതിയിലെ അംഗങ്ങള്‍.
ഗ്ലാഡിയോലസ്, റോസ്, ഹെലികോണിയ, ഓര്‍ക്കിഡ്, കുറ്റിമുല്ല, ചെണ്ടുമല്ലി, ആന്തൂറിയം തുടങ്ങിയവയാണ് പൂകൃഷിയിലെ ഇനങ്ങള്‍. ഗ്ലാഡിയോലസ് ആണ് പ്രധാനമായും കൃഷി ചെയ്ത് മാര്‍ക്കറ്റില്‍ എത്തിച്ച് വില്‍ക്കുന്നത്. ഇതിനായി ഗ്ലാഡിയോലസ് കലക്ഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷി വ്യാപനത്തിന് ബ്ലോക്ക്?-ജില്ല അടിസ്ഥാനത്തില്‍ ഫ്ളോറി കള്‍ച്ചര്‍ സൈാസൈറ്റിയും രജിസ്റ്റര്‍ ചെയ്തു. കൃഷിഭവന് ലഭിച്ച ഫണ്ട് അമ്പലവയല്‍ ആര്എആര്എസിന് കൈമാറി അവിടെ നിന്നാണ് പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് പൂതൈകള് നല്‍കുന്നത്. തൈ വച്ചുപിടിപ്പിക്കലിനുള്ള ചെലവ് പൂര്‍ണമായും സബ്സിഡിയാണ്. പദ്ധതിയിലെ ഒരംഗം തന്റെ പറമ്പിലോ പോളിഹൗസിലോ 500 തൈകള്‍ എങ്കിലും വച്ചുപിടിപ്പിക്കണം. കൃഷി ഭവന് കീഴില്‍ പുതുതായി 50 കര്‍ഷകര്‍ കൂടി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തതായി കൃഷി ഓഫീസര്‍ ടി എസ് സുമിന അറിയിച്ചു.
കൃഷി വ്യാപകമാകുന്നതോടെ സുഗന്ധദ്രവ്യങ്ങള്‍ക്ക് പിന്നാലെ വയനാടന്‍ പൂക്കളും ആഗോളമാര്ക്കറ്റിലിടം പിടിക്കും. ആദ്യ ഘട്ടത്തില്‍ 76.3 ലക്ഷം രൂപയാണ് സംസ്ഥാന സര്‍കാര്‍ പദ്ധതിക്ക് അനുവദിച്ചത്. ബത്തേരി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബത്തേരി നഗരസഭ, മീനങ്ങാടി, നെന്മേനി , അമ്പലവയല്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകള്‍, പനമരം ബ്ലോക്കിലെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ എന്നീ പ്രദേശങ്ങളാണ് പ്രത്യേക പൂ കൃഷി മേഖലയായി സര്‍കാര്‍ പ്രഖ്യാപിച്ചത്.
കുറ്റിമുല്ല, ചെണ്ടുമല്ലി, വാടാര്‍മുല്ല, ജര്‍ബറ, ഗ്ലാഡിയോലസ്, റോസ്, ഹെലിക്കോണിയ, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്.
Post Your Comments