ചെന്നൈ: വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞ കോണ്‍സ്റ്റബിളിന് എസ്‌ഐയുടെ പ്രതികാര നടപടികള്‍. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് അവധി നിഷേധിച്ചതിനായിരുന്നു കോണ്‍സ്റ്റബിള്‍ പരാതി പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ കടുത്ത പ്രതികാര നടപടികളാണ് എസ്‌ഐ സ്വീകരിച്ചത്. ചെന്നൈയിലെ തേനാംപെട്ടിലാണ് സംഭവം നടന്നത്. കോണ്‍സ്റ്റബിളായ ധര്‍മ്മനെതിരെയായിരുന്നു എസ്‌ഐ രവിചന്ദ്രന്റെ ക്രൂരത.
ചെന്നൈയിലെ തേനാംപെട്ട് സിവിരാമന്‍ റോഡില്‍ കഴിഞ്ഞ 21നാണ് സംഭവം നടന്നത്. കോണ്‍സ്റ്റബിളിനെ ബൈക്കില്‍ നിന്നും ട്രാഫിക് എസ്ഐ തള്ളി വീഴ്ത്തി. വീഴ്ചയില്‍ പരുക്ക് പറ്റിയ കോണ്‍സ്റ്റബിള്‍ ധര്‍മന്‍ ഇപ്പോള്‍ ചികിത്സയിലാണ്. സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന കടയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. സംഭവം വിവാദമായതോടെ ട്രാഫിക് എസ്ഐ രവിചന്ദ്രനെ റിസര്‍വ് പോലീസിലേക്ക് മാറ്റി.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു. അതേസമയം എസ്‌ഐയുടെ പ്രവര്‍ത്തിക്കെതിരെ പരാതി നല്‍കാനെത്തിയ കോണ്‍സ്റ്റബിളിന്റെ ഭാര്യയായ അഭിരാമിയെ നാലു മണിക്കൂറോളം സ്റ്റേഷനില്‍ കാത്തു നിര്‍ത്തിയതായും പരാതിയുണ്ട്.
എസ്‌ഐ ധര്‍മ്മനെ തള്ളിയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ബൈക്കില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിവീണ ധര്‍മന്‍ തലനാരിഴയ്ക്കാണ് മിനിലോറിയുടെ അടിയില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് രവിചന്ദ്രന്‍ ധര്‍മനെ നിര്‍ത്തിയിട്ട ജീപ്പിനടുത്തേക്ക് കൊണ്ടുവരികയും മറ്റു പോലീസുകാരുടെ സഹായത്തോടെ ധര്‍മന്റെ വായിലേക്ക് ഒരു ദ്രാവകം ഒഴിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ധര്‍മന്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നു വരുത്തി തീര്‍ക്കാന്‍ ചെയ്തതാണിതെന്നാണ് സംശയം.
പിന്നീട് ധര്‍മ്മനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മദ്യപിച്ചു വാഹനമോടിച്ചു എന്ന് എഴുതി വാങ്ങിയെന്നും അഭിരാമി പരാതിപ്പെട്ടു. അതേസമയം വോക്കി ടോക്കിയില്‍ പരാതി പറഞ്ഞതിനും, മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും ധര്‍മനെ ഇതേ ദിവസം സസ്പെന്‍ഡും ചെയ്തിരുന്നു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ എസ്‌ഐയുടെ കള്ളത്തരങ്ങളും വെളിച്ചത്താവുകയായിരുന്നു.
കഴിഞ്ഞ മാസം ആറിനാണ് ധര്‍മ്മന്റെ അമ്മ മരിച്ചത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ ഒരാഴ്ച അവധിയിലായിരുന്നു. പിന്നീട് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 21ന് ധര്‍മ്മന്‍ വീണ്ടും അവധി ആവശ്യപ്പെങ്കിലും എസ്‌ഐ നല്‍കിയില്ല. അമ്മയുടെ ശേഷക്രിയ ചെയ്യാന്‍പോലും അവധി നല്‍കുന്നില്ലെന്നു ധര്‍മന്‍ വോക്കി ടോക്കിയിലൂടെ പരാതി പറഞ്ഞു. ഇതോടെ സംഭവം ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍പെട്ടു. ഇതാണ് രവിചന്ദ്രനെ ചൊടിപ്പിച്ചത്.
എന്നാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ധര്‍മന്‍ മദ്യലഹരിയിലാണു വോക്കി ടോക്കിയില്‍ സംസാരിച്ചതെന്നായിരുന്നു എസ്‌ഐയുടെ മറുപടി. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ എസ്‌ഐയുടെ ശ്രമങ്ങള്‍ പാളുകയായിരുന്നു.
Post Your Comments