1949 ഒക്ടോബര്‍ രണ്ടിന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ഒരു കത്തുകിട്ടി. ജപ്പാനിലെ ഒരു സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ചാച്ചാജിക്ക് എഴുതിയ ആ കത്തില്‍ വിചിത്രമായ ഒരു ആവശ്യമുണ്ടായിരുന്നു. അവര്‍ക്ക് സമ്മാനമായി ഒരു ആനയെവേണം.
രണ്ടാംലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ച രാജ്യമായിരുന്നു ജപ്പാന്. ജപ്പാന് നഗരങ്ങളെ താറുമാറാക്കി അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ജപ്പാനിലെ ഒരു മൃഗശാലയിലുണ്ടായിരുന്നു രണ്ട ആനകളെയും നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുട്ടികള്‍ നെഹ്റുവിനോട് ആനയെ ആവശ്യപ്പെട്ടത്. തന്റെ പരമാവധി ശ്രമിക്കാമെന്ന കുട്ടികള്‍ക്ക് ഉറപ്പ് നല്കിയ നെഹ്റു അധികം താമസിയാതെ അവര്‍ക്കായുള്ള ആനയെ കണ്ടെത്തി.
15 വയസ് മാത്രം പ്രായമുള്ള ആ ആനയ്ക്ക് തന്റെ മകളുടെ പേര് തന്നെ നെഹ്റു നല്കി. അങ്ങനെ ഇന്ത്യയില്‍ നിന്ന് ‘ഇന്ദിര’ ജപ്പാനിലേക്ക് തിരിച്ചു. ഇന്ദിരയെ നല്കുമ്പോള് നെഹ്റു കുട്ടികളെ മറ്റൊരു കാര്യം കൂടി ഓര്‍മ്മിപ്പിച്ചു. ഇത് അവര്‍ക്ക് താന്‍ നല്കുന്ന സമ്മാനമല്ല മറിച്ച് ഇന്ത്യയിലെ കുട്ടികള്‍ ജപ്പാനിലെ കുട്ടികള്‍ക്ക് നല്കുന്ന സമ്മാനമാണെന്ന്. ഇന്ത്യയില്‍ ഏറെ സ്നേഹിക്കപ്പെടുന്ന മൃഗമാണ് ആന. അതിന് ജ്ഞാനവും ക്ഷമയും ശക്തിയും സൗമൃതയുമുണ്ട്. നിങ്ങളും ആ ഗുണങ്ങള്‍ വികസിപ്പിച്ചെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഇന്ദിര ടോക്കിയോയിലെ യുനോ മൃഗശാലയിലെത്തുകയും ജപ്പാനും ഇന്‍ഡ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാകുകയും ചെയ്തു.
1983 ആഗസ്ത് 11 നായിരുന്നു ഇന്ദിര ചെരിഞ്ഞത്. മുപ്പത് വര്‍ഷത്തോളം ഇന്ത്യ ജപ്പാന് സൗഹൃദത്തിന്റെ അടയാളമായി നിന്ന് അവള് ജപ്പാനിലെ കുട്ടികള്‍ക്ക് വലിയ സ്വപ്നങ്്ങള് നല്‍കിയെന്നായിരുന്നു അന്നത്തെ ടോക്കിയോ ഗവര്‍ണര്‍ ഷുനിചി സുസുക്കി അനുസ്മരിച്ചത്.
Post Your Comments