തിരുവനന്തപുരം: ഡിവൈ.എസ്.പിയുമായുണ്ടായ തര്‍ക്കത്തിനിടെ വാഹനാപകടത്തില്‍ പെട്ട നെയ്യാറ്റിന്‍കര സ്വദേശി സനലിനെ പോലീസുകാർ മദ്യം കുടിപ്പിച്ചെന്ന ആരോപണത്തിൽ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവർ. ഈ വാർത്ത തെറ്റാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആംബുലന്‍സ് ഡ്രൈവർ വ്യക്തമാക്കി. ഓലത്താണിയില്‍ സ്വകാര്യ ആംബുലന്‍സ് ഡ്രൈവറായ തനിക്ക് രാത്രി 10.15ഓടെയാണ് ഫോൺ വന്നത്. 3.5 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അപകടസ്ഥലത്തെത്തിയത്. അവിടെ കൂടിയിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് സനലിനെ ആംബുലന്‍സില്‍ കയറ്റി. ഒരു നാട്ടുകാരന് പിന്നിലും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ഒരു പൊലീസുകാരന് മുന്നിലും കയറി. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പോയാല്‍ മതിയെന്നും വണ്ടിക്ക് അധികം വേഗത മതിയെന്നും പൊലീസുകാരനാണ് നിർദേശം നൽകിയത്.
നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിയ തങ്ങളോട് മെഡിക്കല്‍ കോളേജിലേക്ക് പോകാനാണ് അധികൃതർ ആവശ്യപ്പെട്ടത്. ഇതിനിടയില്‍ കൂടെവന്ന നാട്ടുകാരനെ കാണാതായി. ഇതോടെ സ്റ്റേഷനിലേക്ക് പോകാൻ പൊലീസുകാരന് നിര്‍ദ്ദേശിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ മറ്റൊരു പൊലീസുകാരന് ആംബുലന്‍സില്‍ കയറി. തുടർന്ന് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും സനല്‍ മരിച്ചിരുന്നു. പിന്നീട് പുലര്‍ച്ചെ മൂന്നരയോടെ പൊലീസുകാരനെ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് താന്‍ വീട്ടിലേക്ക് മടങ്ങിയതെന്നും ആംബുലൻസ് ഡ്രൈവർ വ്യക്തമാക്കി.
Post Your Comments