കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങള്‍ അമ്പരപ്പുളവാക്കുന്നതാണ്.അറസ്റ്റുണ്ടാവില്ലെന്ന പ്രതീതിയുണ്ടാക്കുകയും പിന്നീട് അറസ്റ്റിലൂടെ ബിഷപ്പിനെ ഞെട്ടിക്കുന്നതുമായിരുന്നു പോലീസിന്റെ നീക്കങ്ങള്‍. എന്നാല്‍ ഇതിനിടയില്‍ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ വാദങ്ങള്‍ നുണയാണെന്ന് തെളിയിക്കാന്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം പുറത്തുകടക്കാനാവാത്ത കുരുക്കിലാക്കിയത്.
ഇതിന് പുറമേ രണ്ട് പുതിയ പരാതികളും അറസ്റ്റില്‍ നിര്‍ണായകമായിട്ടുണ്ട്.രണ്ട് കന്യാസ്ത്രീകളാണ് ഈ പരാതി നല്കയത്. രണ്ട് കന്യാസ്ത്രീകളുടെ പരാതിയാണ് ബിഷപ്പിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇതുവരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഇവര്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുമായി രംഗത്ത് വരികയായിരുന്നു. ഈ പുതിയ പരാതികള്‍ അന്വേഷണ സംഘത്തിന് അറസ്റ്റിന്റെ കാര്യത്തില്‍ മുന്നോട്ട് പോകാനും കരുത്ത് പകര്‍ന്നു. അതേസമയം പുതിയ പരാതിയുടെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്താമെന്നാണ് പോലീസിന്റെ നിലപാട്.
ഇവരെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കോടതിയില്‍ ബിഷപ്പിനെതിരെയുള്ള നിര്‍ണായക തെളിവായി ഇവരുടെ വാദങ്ങള്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പരാതി ഉള്ളത് ബിഷപ്പിന് പോലും അറിയില്ല എന്നാണ് സൂചന. അതേസമയം ബിഷപ്പിനെതിരെ കൂടുതല്‍ പേര് പാരതിയുമായി രംഗത്ത് വരുമെന്നാണ് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറയുന്നത്. ഇത് അദ്ദേഹത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കും.
ചോദ്യം ചെയ്യലിനൊടുവില്‍ ബിഷപ്പ് പറഞ്ഞ കാര്യങ്ങള്‍ പോലീസിനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയതോടെ കന്യാസ്ത്രീയെ തന്നെ അറിയില്ലെന്നായിരുന്നു ബിഷപ്പിന്റെ മറുപടി. എന്നാല്‍ ബിഷപ്പും കന്യാസ്ത്രീയും ബന്ധുവിന്റെ മാമോദീസ ചടങ്ങിന് ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയും വീഡിയോയും പുറത്തുവിട്ട് പോലീസ് ഈ വാദവും പൊളിക്കുകയായിരുന്നു. ഇത്രയൊക്കെ കള്ളങ്ങള്‍ പൊളിഞ്ഞിട്ടും താന്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താതിരുന്ന ബിഷപ്പ് പഠിച്ച കള്ളന് തന്നെയാണെന്ന് പോലീസ് പറയുന്നു.
2017ല്‍ അച്ചടക്കനടപടി എടുത്തതിനെ തുടര്‍ന്ന് തന്നോട് പകവീട്ടുകയാണ് കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡനവിവരം തുറന്നുപറഞ്ഞതായി പോലീസ് കണ്ടെത്തി. അന്ന് ഏതാനും വൈദികരോടും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന പരാതിയില്‍ പറയുന്ന ദിവസം കുറുവിലങ്ങാട്ടെ മിഷന് ഹോമില്‍ താമസിച്ചിട്ടില്ലെന്നും അന്ന് താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നും ബിഷപ്പ് വാദിച്ചു.
ഇതിന് പിന്നാലെ കുറുവിലങ്ങാട്ട് ബിഷപ്പ് വന്നതായുള്ള രേഖകളും പോലീസ് കാട്ടി.. അതേസമയം കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം ഔദ്യോഗികമായി ഇന്ന് അവസാനിക്കും. എന്നാല്‍ കൂടുതല്‍ പരാതികള്‍ വരുന്നത് ബിഷപ്പിനെ കൂടുതല്‍ കുരുക്കിലാക്കും. ബിഷപ്പിന്റെ പീഡനത്തെ തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിച്ചവരും പരാതിയുമായി എത്തുമെന്നാണ് സൂചന.
Post Your Comments