മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐയെ സ്ഥലം മാറ്റി. മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ്.ഐ പി.ജെ.വര്‍ഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വര്‍ഗീസിനെ ഇത് അഞ്ചാംവട്ടമാണു സ്ഥലംമാറ്റുന്നത്. എസ് രാജേന്ദ്രനെതിരെയും ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തിരുന്നു.
അതിക്രമിച്ച് കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എന്നാല്‍, പ്രതികാര നടപടിയല്ലെന്നും എസ്.ഐ സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം സ്ഥലമാറ്റ ഉത്തരവ് ശിക്ഷാ നടപടിയാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ ആരോപിക്കുന്നത്.മൂന്നാര്‍ സ്പെഷല്‍ ട്രൈബ്യൂണല്‍ ഓഫിസിലുണ്ടായ അതിക്രമത്തില്‍ എസ്. രാജേന്ദ്രന് എംഎല്.എയാണ് ഒന്നാം പ്രതി.
ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിയാണ് രണ്ടാം പ്രതി. ഇവരുള്‍പ്പെടെ കണ്ടാലറിയാവുന്നവരടക്കം 50ഓളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് മൂന്നാര്‍ പൊലീസ് കേസെടുത്തത്. പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലെത്തിയവരാണ് ചൊവ്വാഴ്ച ഓഫിസില്‍ അതിക്രമിച്ചുകയറി ഉപകരണങ്ങള്‍ തകര്‍ത്തത്.
ഇവര്‍ കോടതി മുറിയുടെ പൂട്ടുതകര്‍ക്കുകയും അസഭ്യം പറയുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം.
Post Your Comments