മൂന്നാര്‍: കാട്ടാന ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ച മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് യുവാക്കള്‍. കബാലി എന്ന കാട്ടാനയുടെ മുന്നില്‍ നിന്നാണ് യുവാക്കളുടെ ഈ സാഹസിക പ്രവര്‍ത്തി. ചിത്രം എടുത്ത രണ്ടു യുവാക്കള്‍ക്കെതിരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.
പഴയ മൂന്നാര്‍ സ്വദേശികളായ എം.സെന്തില്‍ (28), എം.മണി (26) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാക്കള്‍ ഒളിവിലാണെന്ന് മൂന്നാര്‍ റേഞ്ചര്‍ എസ്.ബിജു അറിയിച്ചു. ഇന്നലെ രാവിലെ സെവന്‍മല എസ്റ്റേറ്റില്‍ പഴയ മൂന്നാര്‍ ഡിവിഷനിലാണ് സംഭവം നടക്കുന്നത്.
തേയില തോട്ടത്തില്‍ ഇറങ്ങിയ കബാലി എന്ന കാട്ടാനയുടെ സമീപത്തു നിന്നാണു സെന്തില്‍ എന്ന യുവാവ് സുഹൃത്ത് രവിയെ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത്. എസ്റ്റേറ്റ് റോഡിനു സമീപം നിന്നിരുന്ന ആനയുടെ 20 മീറ്റര്‍ വരെ അടുത്തെത്തിയാണ് ഫോട്ടോ എടുത്തതെന്ന് വനംവകുപ്പ് പറയുന്നു. സുഹൃത്ത് ചിത്രം പകര്‍ത്തുന്നതിനിടെ ആന പെട്ടെന്നു തിരിഞ്ഞതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കാട്ടാനകളെ കാണുമ്പോള്‍ മുന്നില്‍ നിന്ന് സെല്‍ഫി ഉള്‍പ്പെടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ആനകളെ പ്രകോപിപ്പിക്കുമെന്നും അത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും വനംവകുപ്പ് അറിയിച്ചു.
Post Your Comments