കോട്ടയം•കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത ശേഷം കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോകവേ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരും. ആറുമണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ ശിപാര്‍ശ. ഇതനുസരിച്ച് ഫ്രാങ്കോയെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുവരുന്ന വഴിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മുതിര്‍ന്ന ഡോക്ടര്‍മാരെ പരിശോധനയ്ക്കായി വിളിച്ചുവരുത്തുകയായിരുന്നു.
ഇ.സി.ജിയില്‍ വ്യതിയാനം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. കൊച്ചിയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ബിഷപ്പിന് രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിക്കുമ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.
Post Your Comments