കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നത് ആദ്യമായിട്ടല്ല. ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കുമ്പോള്‍ ചോരകൊണ്ടെഴുതിയ നിരവധി കൊലപാതകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. ബാബുവിന്റെ കൊലപാതകം 2010ലെ ന്യൂമാഹി ഇരട്ടക്കൊലയുടെ പ്രതികാരമെന്ന് സൂചന. അന്ന് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ആ കൊലപാതകത്തിന്റെ ആസൂത്രകന്‍ ബാബുവാണെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.
ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേരാണ് പ്രതിപ്പട്ടികയില്‍. ഒ.പി. രജീഷ്, മസ്താരാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ആര്‍എസ്എസ് ബന്ധമുള്ള ഇവരുടെ പേരുകള്‍ സിപിഎം പരാതിയായി പള്ളൂര്‍ പോലീസില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ പേരുകള്‍ വെച്ച് പ്രതിപട്ടിക തയ്യാറാക്കിയ പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. നാലു പേരും ഒളിവിലാണ്. ബാബുവിനെ ഒറ്റു കൊടുക്കുകയും ടാര്‍ജറ്റ് ചെയ്ത് കൊലപ്പെടുത്തുകയും ആയിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്.
മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെയും സരോജിനിയുടെയും മകനാണ്. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കള്‍. സഹോദരങ്ങള്‍ മീര, മനോജ്.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ് പോലീസിന് ലഭിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിനെ കൊന്ന കേസില്‍ എട്ടംഗ സംഘമാണെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ പ്രദേശത്തുള്ളവര്‍ തന്നെയാണെന്ന് സംശയമുണ്ടെന്നും പ്രതികളെ തിരിച്ചറിയാനുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയത് നാലംഗ സംഘവുമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും പ്രതികളെ ഉടന്‍ തന്നെ പിടിക്കാന്‍ ശ്രമിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments