Latest NewsNews StoryEditor's Choice

അധികാര ക്രൂരതയില്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ അത്താണി, അച്ഛനെവിടെ എന്ന കുഞ്ഞിന്റെ ചോദ്യത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി അമ്മ

വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടില്‍ ഒരു ആഘോഷം നടക്കേണ്ട നാള്‍ മരണം കടന്നുവന്ന ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. അധികാരത്തിന്റെ കയ്യൂക്കില്‍ മകനെ നഷ്ടമായ ഒരമ്മയും പ്രാണന്റെ പ്രാണനായ ഭര്‍ത്താവ് ഇനിയില്ലെന്ന വേദനയില്‍ കഴിയുന്ന ഭാര്യയും അച്ഛനെവിടെ എന്ന നിഷ്‌കളങ്കമായ ചോദ്യവുമായി ഒരു മൂന്നരവയസ്സുകാരിയും ഈ വീട്ടിലുണ്ട്. ഇവര്‍ക്ക് മുന്നില്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ സഹോദരങ്ങളും ബന്ധുക്കളും. ദേവസ്വംപാടത്തെ ആ കുഞ്ഞുവീട്ടില്‍ ഇനിയും തേങ്ങലുകള്‍ നിലച്ചിട്ടില്ല. അധികാരത്തിന്റെ കൈയ്യൂക്കിന് ഇരയായി ശ്രീജിത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ അത്താണി കൂടിയാണ്.

ദേവസ്വംപാടത്തെ ശ്രീജിത്തിന്റെ വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും രാഷ്ട്രീയപ്രവര്‍ത്തകരും നേതാക്കളുമെല്ലാം വന്നും പോയുമിരിക്കുന്നു. ഇവിടെയെത്തുന്നവരുടെ നെഞ്ചിലെല്ലാം ഒരു നോവായി അവശേഷിക്കുകയാണ് ശ്രീജിത്തിന്റെ മൂന്നരവയസ്സുള്ള മകളായ ആര്യനന്ദ. ആ വീടിനകത്ത് ചിരിച്ച്‌ നടക്കുന്ന ആ മകള്‍ കാണുന്നവരുടെയെല്ലാം കണ്ണ് നനയ്ക്കുന്നു. തന്റെ പ്രിയപ്പെട്ട അച്ഛന്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടു എന്നതൊന്നും ആ കുഞ്ഞിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല… പലരോടും ചോദിക്കുന്നത് അച്ഛനെന്താ വരാത്തത് എന്നു മാത്രം…. നിഷ്കളങ്കമായ ഈ ചോദ്യത്തിന് കണ്ണീരല്ലാതെ ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് മറ്റൊരു മറുപടിയും നല്‍കാനുമില്ല. മരണക്കിടക്കില്‍ പോലും ശ്രീജിത്ത്‌ മകളെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ആശുപത്രിക്കിടക്കയില്‍ വെച്ച്‌ അഖിലയോട് ശ്രീജിത്ത് ആവശ്യപ്പെട്ടതും അതുമാത്രം. തന്റെ കുഞ്ഞുമകളെ ഒരുനോക്ക് കാണണം. എന്നാല്‍ വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ നടക്കേണ്ട മുറ്റത്തു മരണപന്തല്‍ ഉയര്‍ന്നു കഴിഞ്ഞു.

ശ്രീജിത്തിന്റെയും അഖിലയുടേയും വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാനുള്ള പദ്ധതിയിട്ടിരുന്നു ഇരുവരും ചേര്‍ന്ന്. എന്നാല്‍ ആ ആഘോഷങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ ശ്രീജിത്ത് പോയി. ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ ഒരാളെ പോലും വെറുതെ വിടരുതെന്ന് അഖില പറയുന്നു. വീട്ടില്‍ ഉറങ്ങിക്കിടക്കവേയാണ് മഫ്ടി വേഷത്തിലെത്തിയ പോലീസുകാര്‍ ശ്രീജിത്തിനെ പിടിച്ച്‌ കൊണ്ടുപോയതെന്നും പാര്‍ട്ടി വളര്‍ത്താന്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ ഇല്ലാതാക്കിയത് തന്റെ ജീവിതമാണെന്നും അഖില പറയുന്നു. കൂടാതെ പോലീസ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിനു സഹോദരനും സാക്ഷിയാണ്. എന്നാല്‍ ശ്രീജിത്ത്‌ മരിച്ച സംഭവത്തിൽ വ്യാജതെളിവുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി വെളിപ്പെടുത്തൽ. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെക്കൊണ്ടു കള്ളമൊഴി ഉണ്ടാക്കാന്‍ നീക്കം നടക്കുന്നതായി ശ്രീജിത്തിനെതിരെ മൊഴി നല്‍കിയ ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്‍ പറയുന്നു. കൂടാതെ പരമേശ്വരന്റെ നിലപാട് പാര്‍ട്ടി സമ്മര്‍ദം മൂലമാണെന്നും ശരത് വെളിപ്പെടുത്തി. ആദ്യം സഖാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ.തോമസും അച്ഛനെ വീട്ടില്‍ വന്നുകൊണ്ടുപോയി. അതിനുശേഷമാണ് അച്ഛന്‍ മൊഴിമാറ്റിയത്– ശരത് വ്യക്തമാക്കി. വീടാക്രമിച്ച കേസിൽ ശ്രീജിത്തും അനുജൻ സജിത്തും ഉണ്ടായതായി പൊലീസ് പറയുന്ന സാക്ഷിയാണ് ദേവസ്വംപാടം തുണ്ടിപ്പറമ്പിൽ പി.എം.പരമേശ്വരൻ.

ആശുപത്രിയില്‍ വെച്ച്‌ അഖില ശ്രീജിത്തിനെ കണ്ട് സംസാരിച്ചിരുന്നു. തന്റെ കുടല്‍ പൊട്ടിപ്പോയെന്നാണ് തോന്നുന്നതെന്നും പോലീസുകാര്‍ ചവിട്ടിയത് അടിവയറ്റിലാണ് എന്നും ശ്രീജിത്ത് അഖിലയോട് പറഞ്ഞു. ശ്രീജിത്തിന്റെ ശരീരമാകെ നീരുവെച്ച നിലയിലായിരുന്നു. സംസാരിക്കുമ്പോള്‍ ശ്രീജിത്തിന്റെ തൊണ്ടയില്‍ നിന്നും ശബ്ദം പുറത്തേക്ക് വ്യക്തമായി വരുന്നുണ്ടായിരുന്നില്ല. എന്നിട്ടും പറഞ്ഞത് തനിക്ക് ഓപ്പറേഷന്‍ നടത്തേണ്ട എന്നാണ്. ശ്രീജിത്തിന്റെ മരണവിവരമറിഞ്ഞ് അഖില ബോധം കെട്ടുവീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഭര്‍ത്താവിന്റെ ചലനമറ്റ ശരീരം അവസാനമായി കാണാന്‍ അഖിലയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വരുന്ന വഴിയില്‍ അഖില സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് തടഞ്ഞതായി പരാതിയുണ്ട്. ഗതാഗത നിയമം തെറ്റിച്ചുവെന്ന് പറഞ്ഞാണ് ഓട്ടോറിക്ഷ പോലീസ് തടഞ്ഞുവെച്ചത്. ശ്രീജിത്തിന്റെ ഭാര്യയാണെന്നും വീട്ടില്‍ ഉടന്‍ എത്തേണ്ടതുണ്ടെന്നും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞുവെങ്കിലും പോലീസുകാരന്‍ വിട്ടയയ്ക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയാണ് അഖിലയെ വീട്ടിലേക്ക് വിട്ടയച്ചത് എന്നാണ് ആരോപണം. ടൈല്‍ പണിയെടുത്താണ് ശ്രീജിത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. തന്നെ ദൂരെ നിന്ന് കണ്ടപ്പോള്‍ തന്നെ വയറ് പൊട്ടിപ്പോകുന്നുവെന്ന് പറഞ്ഞ് മകന്‍ നിലവിളിക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ തന്നെയും ഭര്‍ത്താവിനേയും പോലീസ് മകന് വെള്ളം പോലും കൊടുക്കാന്‍ സമ്മതിക്കാതെ ആട്ടിപ്പായിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button