Kerala

പിപി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

കണ്ണൂർ: എഡിഎം കെ നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും. ഇന്നു രാവിലെ 11 മണിയോടെയാണ് കേസിൽ വാദം കേൾക്കുക. ഫയൽ നീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും സ്ഥാപിക്കാനാകും പ്രതിഭാ​ഗം ശ്രമിക്കുക. അതേസമയം, ജാമ്യഹർജിക്കെതിരെ നവീൻബാബുവിന്റെ കുടുംബം കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകിയിരുന്നു. പ്രശാന്തുമായി ഫോൺ വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ലാ പഞ്ചായത്തിൻറെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞു. കഴിഞ്ഞ ദിവസം ദിവ്യയെ രണ്ടര മണിക്കൂർ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

യാത്രഅയപ്പ് യോഗത്തിനുശേഷം നവീൻബാബു തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുള്ള കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയിൽ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. തെറ്റുപറ്റിയെന്ന് നവീൻ ബാബു തന്നോട് പറഞ്ഞെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പള്ളിക്കുന്ന് വനിത ജയിലിലാണ് നിലവിൽ ദിവ്യ ഉള്ളത്. ഈ മാസം 12ാം തീയതി വരെയാണ് റിമാൻഡ് കാലാവധി. നവീൻബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടർന്ന് ഒളിവിൽ പോയ പിപി ദിവ്യ ഒക്ടോബർ 29നാണ് അറസ്റ്റിലായത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കണ്ണൂർ കണ്ണപുരത്ത് വച്ച് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എഡിഎമ്മിനെ അപമാനിക്കാൻ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നിൽ അപമാനിതനായതിൽ മനംനൊന്ത് മറ്റ് വഴികൾ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button